11 Sept 2023 5:58 PM IST
Summary
- പ്രധാനമായും കേക്കും, ബ്രെഡും, ബട്ടര്‍ ബണ്ണുമാണ് നിര്‍മിക്കുന്നത്
- പുതിയ ഉത്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ബിസിനസ് വിപുലീകരിക്കാനുള്ള ആലോചനയിലാണ് ഈ സംരംഭക
ആദ്യം അക്ഷരങ്ങള്‍ പകര്‍ന്നു വെളിച്ചമേകി, ഇപ്പോള്‍ കുറച്ചു പേര്‍ക്ക് തൊഴില്‍ നല്‍കി മാതൃകയുമായി.
ചോറ്റാനിക്കര ഐനിപ്പിള്ളി വീട്ടില്‍ റോസ് ഗ്ലൈസിനെ കുറിച്ചാണു പറഞ്ഞു വരുന്നത്. അധ്യാപികയായിട്ടാണു റോസ് കരിയര്‍ ആരംഭിച്ചത്. അധ്യാപനം തുടരുമ്പോഴും ഒരു സംരംഭക മനസ്സ് റോസിലുണ്ടായിരുന്നു. സംരംഭം തുടങ്ങാനുള്ള സാഹചര്യം ഒത്തുവന്നപ്പോഴാകട്ടെ, റോസ് അത് ഭംഗിയായി വിനിയോഗിച്ചു. ഇപ്പോള്‍ ഏതാനും പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനവുമായി മുന്നേറുകയാണ് റോസ്.
തുണയായത് സംരംഭക പദ്ധതി
മനസ്സില്‍ പല സംരംഭങ്ങളെ കുറിച്ചും ആലോചനയുണ്ടായെങ്കിലും ബിസിനസ് എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണമെന്ന ആശങ്ക ഉണ്ടായി. ഈ സാഹചര്യത്തിലാണു സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സംരംഭക പദ്ധതികളെ കുറിച്ചു കേള്‍ക്കാനിടയായത്. അത് തുണയായതെന്ന് റോസ് പറയുന്നു.
പാചകത്തില്‍ താല്‍പര്യം
റോസിന് പണ്ടു മുതല്‍ പാചകത്തിനോട് താല്‍പര്യമുണ്ടായിരുന്നു. പുതിയ ബിസിനസ്സ് എന്ത് തുടങ്ങുമെന്നു ചിന്തിച്ചപ്പോള്‍ ഉടന്‍ തന്നെ മനസ്സില്‍ ഓടിയെത്തിയത് പാചകവുമായി ബന്ധപ്പെട്ടാണ്. അങ്ങനെ ആലോചന അവസാനിച്ചത് ബേക്കറി ഉല്‍പ്പന്നങ്ങളിലാണ്. തുടര്‍ന്ന് 6.5 ലക്ഷം രൂപ ലോണ്‍ എടുത്ത് ബേക്കറി സംരംഭം ആരംഭിച്ചു. സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും പിന്തുണയോടെ പ്രൈം മിനിസ്റ്റര്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (പിഎംഇജിപി) പ്രകാരം 35% സബ്‌സിഡിയും ലഭിച്ചിട്ടുണ്ട്.
കേക്കും ബ്രെഡും
റോസിന്റെ ബോര്‍മ്മയില്‍ പ്രധാനമായും കേക്കും, ബ്രെഡും, ബട്ടര്‍ ബണ്ണുമാണ് നിര്‍മിക്കുന്നത്. ചോക്ലേറ്റ്, ബട്ടര്‍ സ്‌കോച്ച്. സ്‌ട്രോബെറി, മാംഗോ, പൈനാപ്പിള്‍ തുടങ്ങിയ വിവിധ രുചികളോടു കൂടിയ കേക്കുകള്‍, ബ്രെഡ്, ബണ്‍, ബട്ടര്‍ ബണ്‍ എന്നിവയും ബേക്ക് ചെയ്യുന്നുണ്ട്. റോസ് ഗ്ലൈസ് എന്ന ബ്രാന്‍ഡ് നെയ്മിലാണ് ഉല്‍പ്പന്നം വില്‍ക്കുന്നത്. ചോറ്റാനിക്കര മുതല്‍ ഫോര്‍ട്ട്‌കൊച്ചി വരെയുള്ള വിവിധ ബേക്കറികളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്.
അധ്യാപികയായും പരസ്യ കമ്പനി ജീവനക്കാരിയായും സേവനം ചെയ്തു
ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരിയായ റോസ് പ്രൈവറ്റ് കോളേജില്‍ മൂന്ന് വര്‍ഷത്തിലേറെ കാലം അധ്യാപികയായി ജോലി ചെയ്തു. അതിനു പുറമെ പരസ്യ കമ്പനിയിലും ജോലി ചെയ്തു. അക്കാലത്ത് നേരിട്ട ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
എന്നും രാവിലെ എഴുന്നേല്‍ക്കുക, കുട്ടികളുടെ കാര്യം നോക്കുക, തിരുക്കുപിടിച്ചു ജോലി സ്ഥലത്തേക്ക് ഓടുക, തിരികെ വീണ്ടും അടുക്കളയിലെ ലോകത്തേക്ക് പ്രവേശിക്കുക....ഇതൊക്കെയായിരുന്നു ആ ബുദ്ധിമുട്ടുകള്‍. ഇതില്‍ നിന്നും ഒരു മാറ്റം വേണമെന്ന ചിന്തയാണ് ബോര്‍മ്മ തുടങ്ങുന്നതിലേക്ക് നയിച്ചത്.
ചോറ്റാനിക്കര പഞ്ചായത്തില്‍ തലക്കോട് ഫയര്‍സ്റ്റേഷന് സമീപമാണു ഗ്ലെസ് ബേക്ക് ഹൗസ് എന്ന പേരില്‍ റോസിന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. രണ്ട് ബോര്‍മ്മ സ്റ്റാഫും ഒരു സെയില്‍സ് സ്റ്റാഫ് ഉള്‍പ്പെടെ മൂന്നുപേര്‍ ഈ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്യുന്നുണ്ട്.
ബിസിനസ് വിപുലീകരിക്കല്‍
ഇപ്പോള്‍ പ്രതിദിനം 200 ബ്രെഡും 200 ബണ്ണും ബട്ടര്‍ ബണ്ണുമൊക്കെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. സീസണ്‍ സമയത്ത് കേക്കിനും നല്ല ഡിമാന്‍ഡ് ഉണ്ടെന്നു റോസ് പറയുന്നു. ഉല്‍പ്പാദനം കൂടുതല്‍ വിപുലീകരിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ പുതിയ ഉത്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ബിസിനസ് വിപുലീകരിക്കാനുള്ള ആലോചനയിലാണ് ഈ സംരംഭക. ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി ഭര്‍ത്താവ് ഷാനും ഒപ്പമുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഇഷാനും, ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഇവാനുമാണ് മക്കള്‍.