9 Jan 2024 8:44 AM GMT
Summary
- ഏഴര ലക്ഷം അധികം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്
- ടിക്കറ്റ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനം പാലക്കാടിനാണ്
- ഇത്തവണ ഒന്നാം സമ്മാനം 20 കോടി രൂപയാണ്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2023-24 ലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പര്‍ വില്‍പ്പനയില്‍ റെക്കോഡ്. മുന്‍ വര്‍ഷത്തെക്കാള്‍ ഏഴര ലക്ഷം അധികം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. ഇരുപത്തേഴു ലക്ഷത്തിനാല്‍പ്പതിനായിരത്തി എഴുന്നൂറ്റിയമ്പത് (27,40,750) ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റുകഴിഞ്ഞു. രണ്ടു ലക്ഷത്തി അന്‍പത്തൊമ്പതിനായിരത്തി ഇരുന്നൂറ്റിയമ്പത് (2,59,250) ടിക്കറ്റുകളാണ് ഇനി വില്‍പ്പനയ്ക്കായി ബാക്കിയുള്ളത്. നിലവില്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനം പാലക്കാടിനാണ്.
ജനുവരി 24 ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്.
മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. എന്നാല്‍ ഇത്തവണ ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നല്‍കും. അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
മൂന്നു ലക്ഷത്തി എണ്‍പത്തിയെട്ടായിരത്തി എണ്ണൂറ്റി നാല്‍പതു സമ്മാനങ്ങളായിരുന്നു 2022- 23ലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പറിന് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നു ലക്ഷത്തി രണ്ടായിരത്തി നാണൂറ്റി അറുപത് സമ്മാനങ്ങളാണ് ഇത്തവണത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 400 രൂപയാണ് ഒരു ടിക്കറ്റിന് വില.
ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്റീവ് നല്‍കും. ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി ഏടുക്കുന്ന ഏജന്റുമാര്‍ക്ക് സ്‌പെഷ്യല്‍ ഇന്‍സെന്റീവായി 35000 രൂപയും സെക്കന്‍ഡ്, തേര്‍ഡ് ഹയസ്റ്റ് പര്‍ച്ചേസര്‍മാര്‍ക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നല്‍കും.
കേരളത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ മുഖ്യപങ്കും ലോട്ടറിയിൽ നിന്നാണ്.