image

28 Oct 2023 12:15 PM

Kerala

സ്റ്റാര്‍ട്ടപ്പ് സിറ്റി സംരംഭകത്വ പരിശീലന പരിപടി നവംബര്‍ 1ന്

Kochi Bureau

സ്റ്റാര്‍ട്ടപ്പ് സിറ്റി സംരംഭകത്വ പരിശീലന പരിപടി നവംബര്‍ 1ന്
X

Summary

  • മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും


പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ യുവജനങ്ങളെ സംരംഭകരും തൊഴില്‍ദാതാക്കളുമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമൂഹിക മേഖലാ സംരംഭമായ 'സ്റ്റാര്‍ട്ടപ്പ് സിറ്റി'യുടെ സംരംഭകത്വ പരിശീലന പരിപടി നവംബര്‍ ഒന്നിന് നടക്കും.

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേസ്-1 ലെ ട്രാവന്‍കൂര്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന പരിപാടി പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്ന എസ് സി-എസ്.ടി പിന്നാക്കക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും ഉന്നതി സിഇഒയുമായ പ്രശാന്ത് നായര്‍ സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയുടെ അവലോകനം നടത്തും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക ആമുഖഭാഷണം നടത്തും. എസ്‌സിഡിഡി ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍, എസ്ടിഡിഡി ഡയറക്ടര്‍ മേഘശ്രീ ഡിആര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, എസ്‌സി-എസ്ടി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ പദ്ധതിയെക്കുറിച്ചുള്ള സെഷനുകള്‍ നയിക്കും.

ഏതെങ്കിലും മേഖലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും എസ്.സി-എസ്.ടി വകുപ്പിനു കീഴിലുള്ള 'ഉന്നതി'യും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് സിറ്റി. എസ്.സി.-എസ്.ടി വിഭാഗത്തിലെ സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുക, മികച്ച സംരംഭകരെ കണ്ടെത്തുക, സാങ്കേതിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ മെച്ചപ്പെടുത്തുക, സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ താത്പര്യമുള്ളവര്‍ക്ക് സഹായം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

സംരംഭകരാകാന്‍ താത്പര്യപ്പെടുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ട ആര്‍ക്കും https://bit.ly/Startupcity വഴി അപേക്ഷിച്ച് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം.