20 Dec 2024 9:52 AM GMT
ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. തിങ്കളാഴ്‌ച മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ വീതമാണ് പെൻഷൻ തുക ലഭിക്കുക. ബാങ്ക് അക്കൗണ്ടിലൂടെ 27 ലക്ഷം പേര്‍ക്കാണ് തുക കൈമാറുന്നത്. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു.
കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 425 കോടിയോളം രൂപ ഈ നവംബർ വരെ കുടിശികയുണ്ടെന്ന് മന്ത്രി അറിയിച്ചു.