23 Dec 2023 7:31 AM GMT
Summary
- കേന്ദ്രം പരിപാലിക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്
- 22,543 പേരാണ് ഷി ലോഡ്ജില്‍ താമസിച്ചത്
- സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം
കൊച്ചിയുടെ മനം കവര്‍ന്ന് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഷി ലോഡ്ജ്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ കേന്ദ്രം പരിപാലിക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. മിതമായ നിരക്കില്‍ സുരക്ഷിതമായ താമസം ഒരുക്കുന്ന ഈ കേന്ദ്രം ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തന്നെ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
ആരംഭിച്ച് ഒന്‍പത് മാസം പിന്നിടുമ്പോള്‍ ഷി ലോഡ്ജിന്റെ ലാഭം 24 ലക്ഷം രൂപയാണ്. ഈ കാലയളവില്‍ 22,543 പേരാണ് ഷി ലോഡ്ജില്‍ താമസിച്ചത്.
നൂറു രൂപയാണ് ഒരു ദിവസത്തെ താമസത്തിന് ഈടാക്കുന്നത്. മൂന്ന് നില കെട്ടിടത്തില്‍ 95 മുറികളും ഡോര്‍മെറ്ററിയുമായി 160 പേര്‍ക്കുളള താമസസൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷിതത്വം ഉറപ്പാക്കാന്‍ സിസിടിവി കവറേജ്, സുരക്ഷാ സംവിധാനം എന്നിവക്ക് പുറമേ വനിതാ വാര്‍ഡന്റെ സേവനവും ഇവിടെ ലഭ്യമാണ്.
കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ലിബറാ ഹോട്ടല്‍ കെട്ടിടം നവീകരിച്ചെടുത്താണ് ഷീ ലോഡ്ജാക്കി മാറ്റിയിട്ടുള്ളത്. മികച്ച സൗകര്യങ്ങളുള്ള ഷീ ലോഡ്ജിനോട് ചേര്‍ന്നുതന്നെയാണ്, പത്തുരൂപയ്ക്ക് ഊണുകൊടുക്കുന്ന കുടുംബശ്രീയുടെ സമൃദ്ധി ഹോട്ടലും പ്രവര്‍ത്തിക്കുന്നത്.
കൊച്ചി നഗരത്തില്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കായുമെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം എന്നത് ഷി ലോഡ്ജിലൂടെ പരിഹാരമാകുന്നത്. മാസവാടകയ്ക്കും ദിവസവാടകയ്ക്കുമെല്ലാം ഷീ ലോഡ്ജില്‍ മുറികള്‍ സ്ത്രീകള്‍ക്ക് ലഭ്യമാകും. ഡോര്‍മെറ്ററിയില്‍ നൂറ് രൂപ മാത്രമാണ് വാടക. പത്തുരൂപയ്ക്ക് ഭക്ഷണവും കിട്ടും. ഏത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും താങ്ങാവുന്ന നിരക്കുകളാണ് ഷീ ലോഡ്ജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യത്തിലേക്കുള്ള വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ് ഷീ ലോഡ്ജ്.