image

27 Jan 2024 8:48 AM GMT

Kerala

ശരണ്യ പദ്ധതി; 52 സ്വയം തൊഴിൽ വായ്പകൾക്ക് ജില്ലാതല അംഗീകാരം

Tvm Bureau

ശരണ്യ പദ്ധതി; 52 സ്വയം തൊഴിൽ വായ്പകൾക്ക് ജില്ലാതല അംഗീകാരം
X

Summary

  • ദുർബല വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതിയാണ് ശരണ്യ
  • പദ്ധതിയിലൂടെ 50,000 രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും
  • കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, വൈക്കം, പാലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന ലഭിച്ച അപേക്ഷകൾക്കാണ് അംഗീകാരം


കോട്ടയം: ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യ സ്വയംതൊഴിൽ പദ്ധതിയിലൂടെ ജില്ലയിൽ 52 വായ്പകൾക്കു ജില്ലാതല സമിതി അംഗീകാരം നൽകി.

കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, വൈക്കം, പാലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന ലഭിച്ച അപേക്ഷകൾക്കാണ് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പന്ത്രണ്ടാമത് ശരണ്യ ജില്ലാതല സമിതി അംഗീകാരം നൽകിയത്.

തയ്യൽ യൂണിറ്റ്, തുണിത്തരങ്ങളുടെ വിൽപന, കാലി വളർത്തൽ, ആടുവളർത്തൽ, കോഴിവളർത്തൽ, കമ്പ്യൂട്ടർ സെന്റർ, ട്യൂഷൻ സെന്റർ, ഭക്ഷണശാല, തട്ടുകട, കയർ നിർമാണം, സോപ്പ്് നിർമാണം, കേക്ക് നിർമാണം, സംഗീതക്ലാസ്, ലോട്ടറി വിൽപന, സ്‌റ്റേഷനറി കട തുടങ്ങിയ പദ്ധതികളാണ് ശരണ്യപദ്ധതിയിൽ അപേക്ഷകർ സമർപ്പിച്ചിരുന്നത്.

ദുർബല വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതിയാണ് ശരണ്യ.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ളവരായ ഭർത്താവ് മരിച്ച തൊഴിൽരഹിതരായ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിച്ച/ ഭർത്താവിനെ കാണാതായ സ്ത്രീകൾ, 30 വയസ് കഴിഞ്ഞ അവിവാഹിതർ, ഭർത്താവ് കിടപ്പിലായവർ എന്നിവർക്കായി സർക്കാർ നടപ്പാക്കുന്നതാണ് പദ്ധതി.

50000 രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും. ഇതിൽ പരമാവധി 25,000 രൂപ വരെ സബ്സിഡി നൽകും. ബാക്കി 60 മാസത്തവണകളായി തിരിച്ചടക്കണം. യോഗത്തിൽ പങ്കെടുത്ത 52 അപേക്ഷകർക്കും ശരണ്യസ്വയം തൊഴിൽ പദ്ധതിയെക്കുറിച്ച് വിശദീകരണം നൽകി. അപേക്ഷകർക്ക് റൂറൽ ഡവലപ്‌മെന്റ് ആൻഡ് സെൽഫ് എംപ്‌ളോയ്‌മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ആർസെറ്റി) നേതൃത്വത്തിൽ ആറുദിവസത്തെ പരിശീലനം നൽകും. വായ്പ ലഭിക്കുന്നതിനായി എല്ലാ അപേക്ഷകരും നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.

യോഗത്തിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജി. സജയൻ, എംപ്ലോയ്മെന്റ് ഓഫീസർ (സ്വയം തൊഴിൽ) കെ.ആർ. ജയകൃഷ്ണൻ, ശിരസ്തദാർ എൻ.എസ്. സുരേഷ്‌കുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് വ്യവസായ ഓഫീസർ എം. അരുൺരാജ് എന്നിവർ പങ്കെടുത്തു.