25 Sep 2024 10:02 AM GMT
‘സംരഭക വര്‍ഷം’ പദ്ധതി വഴി രണ്ടര വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തോളം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതി വഴി പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ ഒരു ലക്ഷത്തിലധികം സംരംഭങ്ങളും മാനുഫാക്ചറിങ്ങ് മേഖലയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംരംഭക വര്‍ഷം പദ്ധതി 2022ല്‍ ആരംഭിക്കുമ്പോള്‍ 1 വര്‍ഷം കൊണ്ട് 1 ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനൊക്കെ കേരളത്തില്‍ സാധിക്കുമോ എന്ന സംശയമായിരുന്നു ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രകടിപ്പിച്ചത്. എന്നാല്‍ ആദ്യ വര്‍ഷം മാത്രമല്ല രണ്ടാം വര്‍ഷവും ഒരു ലക്ഷം സംരംഭമെന്ന നേട്ടം കേരളം കൈവരിച്ചു. സംരംഭക വര്‍ഷം ആരംഭിച്ച് രണ്ടര വര്‍ഷമാകുന്ന ഘട്ടത്തില്‍ ഇന്നലെവരെയായി 2,92,167 സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചു. ഇതിലൂടെ 18,943.64 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ കടന്നുവന്നു. 6,22,512 പേര്‍ക്ക് ഈ സംരംഭങ്ങളിലൂടെ തൊഴില്‍ ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.