28 Dec 2023 7:34 AM GMT
Summary
- ഡിസംബര്‍ 25 വരെയുള്ള മൊത്തം നടവരവ് 204.31 കോടി രൂപയാണ്
- നാണയങ്ങള്‍ കൂടി എണ്ണുമ്പോള്‍ 10 കോടിയുടെ വര്‍ധനവ് കൂടി ഉണ്ടാകും
- ഡിസംബര്‍ 25 വരെ 31,43,163 പേരാണ് ദര്‍ശനം നടത്തിയത്
ശബരിമലയില്‍ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിന്റെ ആദ്യഘട്ടം ഇന്നലെ സമാപിച്ചിരിക്കെ ആദ്യ 39 ദിവസത്തെ (ഡിസംബര്‍ 25 വരെ) കണക്കുകള്‍ പ്രകാരം മണ്ഡലകാല വരുമാനത്തില്‍ വര്‍ധനവ്.
കഴിഞ്ഞ തവണത്തെക്കാള്‍ 18.75 കോടി രൂപയുടെ വരുമാന വര്‍ധനവാണ് ഇത്തവണ ഉണ്ടായിയിരിക്കുന്നത്. ഈ സീസണിലെ 39 ദിവസത്തെ കണക്കില്‍ കുത്തക ലേല തുക കൂടി കൂട്ടിയപ്പോഴാണ് വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. നാണയങ്ങള്‍ കൂടി എണ്ണുമ്പോള്‍ 10 കോടിയുടെ വര്‍ധനവ് കൂടി ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
ശബരിമലയില്‍ ഇത്തവണ ഡിസംബര്‍ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കാണിക്കയായി 63.89 കോടി രൂപയും, അരവണ വില്‍പനയിലൂടെ 96.32 കോടി രൂപയും, അപ്പം വില്‍പനയിലൂടെ 12.38 കോടി രൂപ രൂപയും ലഭിച്ചു.
സെപ്തംബര്‍ മാസത്തില്‍ 36924099 രൂപയും ഒക്ടോബര്‍ മാസത്തില്‍ 167593260 രൂപയും നവംബര്‍ 17 വരെയുള്ള ദിവസങ്ങളില്‍ 169527648 രൂപയുമാണ് കുത്തക ലേല തുകയായി ലഭിച്ചത്.
മണ്ഡലകാലം തുടങ്ങി ഡിസംബര്‍ 25 വരെ ശബരിമലയില്‍ ആകെ 31,43,163 പേരാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ സീസണില്‍ മണ്ഡലപൂജ വരെ 29 ലക്ഷത്തോളം തീര്‍ഥാടകരാണ് എത്തിയിരുന്നത്.