19 Dec 2023 8:50 AM GMT
Summary
- കേരളം പ്രതിവർഷം 3.65 ലക്ഷം ടൺ അരി ഉൽപ്പാദിപ്പിക്കുന്നു
- ആകെ കൃഷിഭൂമിയുടെ 7.69 ശതമാനം മാത്രമാണ് നെൽകൃഷി.
- 2022ൽ വിരിപ്പുവിളയുടെ 78 ശതമാനവും ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്ന്
വർദ്ധിച്ചുവരുന്ന ഉൽപ്പാദനച്ചെലവും സംഭരണത്തിലെ പോരായ്മയും കാരണം കേരളത്തിൽ നെൽകൃഷി ഗണ്യമായി കുറഞ്ഞു. ഇതോടൊപ്പം വിലക്കയറ്റവും വളങ്ങളുടെ ലഭ്യതക്കുറവും നെൽകർഷകരെ ആശങ്കയിലാഴ്ത്തുന്നു. കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ വില ലഭിക്കാൻ കാലതാമസം നേരിടുന്നതാണ് മറ്റൊരു പ്രതിസന്ധി. നെൽകൃഷി അവസാനിപ്പിക്കാൻ കർഷകരെ നിർബന്ധിതമാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ദേശീയ കർഷക സംരക്ഷണ സമിതി (എൻഎഫ്പിസി) ജനറൽ സെക്രട്ടറി പാണ്ടിയോട് പ്രഭാകരൻ പറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ കേരളത്തിൽ നിന്ന് വൈകാതെ നെൽകൃഷി അപ്രത്യക്ഷമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം മൂന്നര കോടിയോളം ആളുകളുള്ള കേരളം പ്രതിവർഷം 3.65 ലക്ഷം ടൺ അരി ഉൽപ്പാദിപ്പിക്കുമ്പോൾ ഉപയോഗിക്കുന്നതാകട്ടെ ഏകദേശം 40.68 ലക്ഷം ടൺ അരിയാണ്. ക്ഷാമം നികത്താൻ സംസ്ഥാനം അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടിനെയും ആന്ധ്രാപ്രദേശിനെയും ആശ്രയിക്കുന്നു, എന്നാൽ വർഷങ്ങളായി ഈ വിടവ് വർദ്ധിക്കുകയാണ്.
2023 മാർച്ചിൽ പ്രസിദ്ധീകരിച്ച സംസ്ഥാന കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിലെ നെൽക്കൃഷിയുടെ വിസ്തൃതി 2001-02ൽ 3.22 ലക്ഷം ഹെക്ടറിൽ നിന്ന് 2021-22ൽ 1.95 ലക്ഷം ഹെക്ടറായി കുറഞ്ഞു-രണ്ട് ദശാബ്ദത്തിനിടെ 39 ശതമാനം ഇടിവ്. ഫലത്തിൽ സംസ്ഥാനത്ത് 1.27 ലക്ഷം ഹെക്ടർ നെൽവയൽ നശിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വൻതുക ചെലവഴിച്ചിട്ടും ഇതായിരുന്നു സ്ഥിതി. ഇക്കാലയളവിൽ അരി ഉൽപ്പാദനം 20 ശതമാനം കുറഞ്ഞു, 2001-02ൽ 7.03 ലക്ഷം ടണ്ണിൽ നിന്ന് 2021-22ൽ 5.62 ലക്ഷം ടണ്ണായി.
നെൽകൃഷിയുടെ മൊത്തം വിസ്തൃതി
2021-22ൽ സംസ്ഥാനത്ത് ആകെ കൃഷിഭൂമി 25.69 ലക്ഷം ഹെക്ടറുള്ളപ്പോൾ അതിന്റെ 7.69 ശതമാനം മാത്രമാണ് നെൽകൃഷി..
ശരത്കാലം (വിരിപ്പ്), ശീതകാലം (മുണ്ടകൻ), വേനൽ (പുഞ്ച) എന്നിങ്ങനെ മൂന്ന് സീസണുകളിലായാണ് കേരളം അരി ഉത്പാദിപ്പിക്കുന്നത്. 2022ൽ വിരിപ്പുവിളയുടെ 78 ശതമാനവും ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നാണ് ലഭിച്ചത്. 2022-ൽ പാലക്കാട് (39 ശതമാനം), ആലപ്പുഴ (18.8 ശതമാനം), തൃശൂർ (12 ശതമാനം), കോട്ടയം (9.1 ശതമാനം) എന്നിങ്ങനെയായിരുന്നു ഉൽപ്പാദന കണക്കുകൾ. ഇത് നെൽകൃഷിയുടെ മൊത്തം വിസ്തൃതിയുടെ 79 ശതമാനവും ഉൾകൊള്ളുന്നു. 2020-21 നെ അപേക്ഷിച്ച് 2021-22 ൽ, മലപ്പുറം, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നെൽകൃഷിയുടെ വിസ്തൃതിയിൽ കുറവുണ്ടായി.
ജില്ലകളിൽ ഏറ്റവും കൂടുതൽ കൃഷിയുള്ള രണ്ടാമത്തെ ജില്ലയായ ആലപ്പുഴയിൽ നെൽപ്പാടങ്ങളിൽ 3815 ഹെക്ടർ (9.46 ശതമാനം ഇടിവ്) കുറവുണ്ടായി. കൃഷിയിൽ ഒന്നും മൂന്നും സ്ഥാനത്തുള്ള പാലക്കാടും തൃശ്ശൂരും യഥാക്രമം 412 ഹെക്ടറും 287 ഹെക്ടറും കുറഞ്ഞു.
“നെൽകൃഷി ഒരു തരത്തിലും ലാഭകരമാവില്ലെന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. പുതിയ തലമുറ നെൽകൃഷിയിൽ നിന്ന് അകന്നു കഴിഞ്ഞു. കൃഷിക്ക് ദിനം പ്രതി ചെലവേറുകയാണ്. രാസവളങ്ങൾക്ക് മാസം തോറും വില ഉയരുന്നു. കൃഷി ഉപകരണങ്ങളുടെ വിലയും പണികൂലിയും കർഷകനു താങ്ങാവുന്നതിലധികമായിരിക്കുന്നു. ഇതിനെയെല്ലാം അതിജീവിച്ച് കൃഷി ചെയ്താലും നെല്ലിൻറെ വില ലഭിക്കാൻ കാലതാമസം നേരിടുന്നു. ഇതിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ നെൽകൃഷി കേരളത്തിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകും,” പാണ്ടിയോട് പ്രഭാകരൻ പറഞ്ഞു.
നിലവിൽ ഏകദേശം മൂന്ന് ലക്ഷം നെൽകർഷകരാണ് കേരളത്തിലുള്ളത്. കഴിഞ്ഞ ഒരു മാസത്തോളമായി യൂറിയ ക്ഷാമം കർഷകരെ ഏറെ വലച്ചു. കർഷകർക്ക് യഥാസമയം വളം ലഭ്യമാക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ദേശീയ കർഷക സംരക്ഷണ സമിതി (എൻഎഫ്പിസി) പറയുന്നു. “ഗുണമേന്മയുള്ള വിത്ത്, ധാരാളം വെള്ളം, നല്ല വില എന്നിവ പോലെ, സമയബന്ധിതമായ വളപ്രയോഗം ഒരു നെൽകർഷകനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. വളപ്രയോഗം ഒരു ദിവസം വൈകുന്നത് നെല്ലിന്റെ വളർച്ചയെയും ഗുണത്തെയും ബാധിക്കും," അദ്ദേഹം തുടർന്നു.
രാസവളത്തിന്റെ വില വില്ലനാകുന്നു
യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ് പോലുള്ള കോംപ്ലക്സ് വളം എന്നിവ നെൽകർഷകർ ഉപയോഗിക്കുന്ന പ്രധാന വളങ്ങളാണെങ്കിലും യൂറിയയുടെ ലഭ്യതക്കുറവ് അവരെ ആശങ്കയിലാക്കുന്നു. നെല്ലിന് രണ്ട് തവണയാണ് യൂറിയ പ്രയോഗിക്കുന്നത്. രണ്ടാം ഘട്ടത്തിൽ യൂറിയ മാത്രം ഉപയോഗിക്കുമ്പോൾ മൂന്നാം ഘട്ടത്തിൽ പൊട്ടാഷിനൊപ്പം യൂറിയയും ഉപയോഗിക്കുന്നു.
രാസവളങ്ങളുടെ വില ക്രമാതീതമായി വർധിക്കുന്നതായി കർഷകർ പറഞ്ഞു. “ഓരോ സീസണിലും രാസവളങ്ങളുടെ വിലയിൽ 5 മുതൽ 10% വരെ വർധനവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നെല്ലിന്റെ സംഭരണവില മുരടിപ്പാണ്, എന്നാൽ വളത്തിന്റെ വില കുതിച്ചുയരുകയാണ്," പ്രഭാകരൻ പറഞ്ഞു.
കർഷകരെ സഹായിക്കാൻ സർക്കാർ ക്രിയാത്മകമായ ഇടപെടലുകൾ നടത്തണമെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘം (ആർകെഎംഎസ്) ആവശ്യപ്പെട്ടു.