image

15 Dec 2023 7:18 AM GMT

Kerala

കേരളത്തിന് ക്രിസ്മസ് ബംബർ; 3140.7 കോടി രൂപ കൂടി വായ്പയെടുക്കാം

MyFin Desk

christmas bumper for kerala, 3140.7 cr more can be borrowed
X

Summary

  • സാമ്പത്തിക വര്‍ഷം 5000 കോടി രൂപ കേരളത്തിന് കടമെടുക്കാന്‍ കഴിയും
  • 3140.7 കോടിരൂപ വെട്ടിക്കുറക്കാനുള്ള കേന്ദ്ര തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി
  • രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 2,000 കോടി രൂപ കടമെടുക്കും.


സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍. കടമെടുപ്പ് പരിധിയില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം 3140.7 കോടിരൂപ വെട്ടിക്കുറക്കാനുള്ള കേന്ദ്ര തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി. ഇതോടെ ഇത്രയും തുക കൂടി കടമെടുക്കാന്‍ കേരളത്തിന് സാധിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ ഡിസംബര്‍ 19 ന് 2,000 കോടി രൂപ കേരളം കടമെടുക്കും. ക്രിസ്തുമസിന് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണത്തിനായാണ് സര്‍ക്കാര്‍ ഈ തുക കടമെടുക്കുന്നത്. കിഫ്ബിയും പെന്‍ഷന്‍ കമ്പിനിയും എടുത്ത വായ്പകളുടെ പേരിലായിരുന്നു കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും 3140 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നത്.

സിഎജിയുടെ കണക്ക് പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പെന്‍ഷന്‍ കമ്പനിയും കിഫ്ബിയും 9422.1 കോടി രൂപ കടമെടുത്തിട്ടുണ്ട്. ഈ കണക്ക് പ്രകാരമാണ് 2022-23 മുതല്‍ 2024-25 വരെ മൂന്നു വര്‍ഷങ്ങളിലായി കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് 3140.7 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

ഈ സാമ്പത്തിക വര്‍ഷം 3800 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം അനുവാദം നല്‍കിയിരുന്നു. ഇതില്‍ 2000 കോടി രുപ സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തിരുന്നു. 3140.7 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിച്ചതോടെ ഈ സാമ്പത്തിക വര്‍ഷം 5000 കോടി രൂപയോളം കേരളത്തിന് കടമെടുക്കാന്‍ കഴിയും