image

18 Jan 2024 6:52 AM GMT

Kerala

മാലിന്യക്കൂനകള്‍ നീക്കി 60 ഏക്കര്‍ ഭൂമി വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ

MyFin Desk

kerala govt to reclaim 60 acres of land by removing garbage dumps
X

Summary

  • ആദ്യഘട്ടത്തില്‍ 12 നഗരസഭയിലും രണ്ടാംഘട്ടത്തില്‍ എട്ട് നഗരസഭയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്
  • 100 കോടി രൂപയാണ് പദ്ധതി ചെലവ്
  • 20 നഗരങ്ങളിലെ അശാസ്ത്രീയ മാലിന്യക്കൂനകളിലായി 4.30 ലക്ഷം മെട്രിക് ടണ്‍ മാലിന്യമാണ് ഉള്ളത്


സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കി ആ സ്ഥലം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി 20 നഗരങ്ങളില്‍ നടപ്പിലാക്കും.

ആദ്യഘട്ടത്തില്‍ 12 നഗരസഭയിലും രണ്ടാംഘട്ടത്തില്‍ എട്ട് നഗരസഭയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 60 ഏക്കര്‍ സ്ഥലം ഇതിലൂടെ വീണ്ടെടുക്കാനാകും.

കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കന്‍ പറവൂര്‍, കളമശേരി, കൊട്ടാരക്കര, കായംകുളം, വടകര, കല്‍പ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസര്‍കോട് എന്നീ 12 നഗരങ്ങളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്.

രണ്ടാം ഘട്ടത്തില്‍ മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി നഗരസഭകളിലും പദ്ധതി നടപ്പിലാക്കും.

20 നഗരങ്ങളിലെ അശാസ്ത്രീയ മാലിന്യക്കൂനകളിലായി 4.30 ലക്ഷം മെട്രിക് ടണ്‍ മാലിന്യമാണ് ഉള്ളത്. ഇത് യന്ത്രസഹായത്തോടെ നീക്കി ജൈവ, അജൈവ മാലിന്യങ്ങളായി വേര്‍തിരിക്കും. ജൈവമാലിന്യം കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വളമായും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ പുനഃചംക്രമണ പ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗപ്പെടുത്തും.