2 Jan 2024 9:45 AM GMT
Summary
- സിവില്‍ സപ്ലൈസിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍
- കാര്‍ഡുകള്‍ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സ്‌റ്റോറുകളിലും ഉപയോഗിക്കാന്‍ കഴിയും
- സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഓഫര്‍ അടിസ്ഥാനത്തില്‍ സാധനങ്ങള്‍ വാങ്ങാം
സിവില്‍ സപ്ലൈസിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. സാധാരണക്കാരന്റെ ആശ്രയമായ മാവേലി സ്‌റ്റോറുകളില്‍ റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന കാര്‍ഡുകളാണ് സപ്ലൈകോ പുറത്തിറക്കുന്നത്. ഈ കാര്‍ഡുകള്‍ സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സ്‌റ്റോറുകളിലും ഉപയോഗിക്കാന്‍ കഴിയുന്നതാണ്. സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ഈ കാര്‍ഡുകള്‍ വാങ്ങുവാനും കഴിയും.
വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലെപ്പോലെ പ്രത്യേക ദിവസങ്ങളില്‍ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള സംവിധാനവും സപ്ലൈകോ നടപ്പിലാക്കാന്‍ ഒരുങ്ങുന്നുണ്ട്. കാര്‍ഡ് സംവിധാനം നടപ്പിലായാല്‍ സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഓഫര്‍ അടിസ്ഥാനത്തില്‍ സാധനങ്ങള്‍ വാങ്ങാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ സപ്ലൈകോയ്ക്ക് ലഭിക്കുമെന്നാണ് പൊതുവിതരണ വകുപ്പിന്റെ പ്രതീക്ഷ. കൂടാതെ 500 ഓളം പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങാനും പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ സപ്ലൈകോയുടെ കീഴില്‍ 581 ഓളം സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. പുതിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി എത്തുന്നതോടെ ഇവയുടെ എണ്ണം ആയിരം കവിയും.
സപ്ലൈകോയെ നഷ്ടമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി പലവ്യഞ്ജനങ്ങള്‍ക്ക് പുറമെ ഇലക്ട്രോണിക് സാധനങ്ങളും സപ്ലൈകോ വഴി വിതരണം ചെയ്യുവാനുള്ള പദ്ധതിയുമുണ്ട്. എല്ലാ സാധനങ്ങളും സപ്ലൈകോയില്‍ എത്തുന്നതോടെ ഉപഭോക്താക്കള്‍ കൂടുമെന്ന പ്രതീക്ഷയിലാണ് പൊതുവിതരണ വകുപ്പ്.
സപ്ലൈകോയുടെ നിലവിലെ അവസ്ഥ പഠിച്ചു റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാന ആസൂത്രണ കമ്മീഷന്‍ അംഗമായ ഡോക്ടര്‍ രവി രാമന്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പഴയ രീതിയിലുള്ള മാവേലിസ്റ്ററുകള്‍ ജനങ്ങളെ ആകര്‍ഷിക്കില്ലെന്നുള്ളതാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. ഈ കണ്ടെത്തിലിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റോറുകള്‍ ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ സപ്ലൈകോ ആരംഭിക്കുന്നത്.