image

6 Dec 2023 7:19 AM

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2024ല്‍ തന്നെ: പി. രാജീവ്

MyFin Desk

puthur zoological park in 2024 itself
X

Summary

  • നിര്‍മാണം പൂര്‍ത്തിയാകുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക്
  • നവകേരള സദസിനിടെ മന്ത്രിമാരുടെ സംഘം പുത്തൂര്‍ പാര്‍ക്ക് സന്ദര്‍ശിച്ചു
  • പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറക്കുറേ പൂര്‍ത്തിയായി


ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്കിന്‍റെ പ്രവര്‍ത്തനം 2024ല്‍ തന്നെ ആരംഭിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്. നവകേരള സദസിന്‍റെ ഭാഗമായി തൃശൂരിലെത്തിയ അദ്ദേഹം മറ്റു മന്ത്രിമാര്‍ക്കൊപ്പം പ്രഭാത നടത്തത്തിനായി പുത്തൂർ സുവോളജിക്കൽ പാർക്കില്‍ എത്തി. 350 ഏക്കറിലായാണ് പാര്‍ക്ക് സജ്ജീകരിക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് 300 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കായി മാറും.

തൃശ്ശൂര്‍ മൃഗശാലയില്‍നിന്ന് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ജീവികളെ മാറ്റുന്നതിന് സെപ്റ്റംബറില്‍ കേന്ദ്ര മൃഗശാലാ അതോറിറ്റി അനുമതി നല്‍കിയിരുന്നു. 439 ഇനം ജീവജാലങ്ങളെ പലഘട്ടങ്ങളായി പുത്തൂരിലേക്ക് മാറ്റും. ഇതിനൊപ്പം മറ്റിടങ്ങളില്‍ നിന്ന് മൃഗങ്ങളെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. പാര്‍ക്കിന്‍റെ നിര്‍മാണം ഏറക്കുറേ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. മൃഗങ്ങളെ എത്തിക്കുന്നത് ഉള്‍പ്പടെ ഏതാനും ചില പ്രവൃത്തികള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രശസ്ത ഓസ്ട്രേലിയന്‍ മൃഗശാല ഡിസൈനര്‍ ജോന്‍ കോ ആണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡിസൈന്‍ ചെയ്തത്.

മൃഗങ്ങളെ കൂട്ടിലടച്ച് പ്രദര്‍ശിപ്പിക്കുന്ന പരമ്പരാഗത മൃഗശാലകളില്‍ നിന്നു വ്യത്യസ്തമായി, ഓരോ മൃഗത്തിനും ഇണങ്ങുന്ന സ്വാഭാവിക ആവാസ വ്യവസ്ഥ തുറസായ തരത്തില്‍ ഒരുക്കി അതു കാണാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുയാണ് ചെയ്യുന്നത്.

മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദര്‍ശക ഗാലറികള്‍, വിശാലമായ പാര്‍ക്കിംഗ് സ്ഥലം, റിസപ്ഷന്‍ ആന്‍ഡ് ഓറിയന്റേഷന്‍ സെന്റര്‍, സര്‍വ്വീസ് റോഡുകള്‍, ട്രാം റോഡുകള്‍, ടിക്കറ്റ് കൗണ്ടര്‍, എലവേറ്റഡ് നടപ്പാത, ഡൈവേഴ്‌സിറ്റി സെന്റര്‍, ട്രാം സ്റ്റേഷനുകള്‍, കഫറ്റീരിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാര്‍ട്ടേഴ്‌സുകള്‍, ടോയിലറ്റ് ബ്ലോക്കുകള്‍ എന്നിവയുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.