image

23 Jan 2024 10:02 AM GMT

Kerala

തോട്ടം മേഖലയുടെ നവീകരണത്തിലൂടെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് സർക്കാർ

MyFin Desk

social upliftment through modernization of plantation sector
X

Summary

  • രണ്ടാമത് പ്ലാന്റേഷന്‍ എക്‌സ്‌പോ സമാപിച്ചു
  • പാനല്‍ ചര്‍ച്ചകള്‍, ബി-ടു-ബി കൂടിക്കാഴ്ചകള്‍, വാണിജ്യ ചര്‍ച്ചകള്‍ എന്നിവ നടന്നു
  • തോട്ടങ്ങളിലെ ലയങ്ങളുടെ നവീകരണം സംബന്ധിച്ച് പുതിയ പദ്ധതികള്‍


പ്ലാന്റേഷന്‍ മേഖലയുടെ നവീകരണത്തിലൂടെ സാമൂഹ്യ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്. വ്യവസായ വകുപ്പിന് കീഴിലുള്ള പ്ലാന്റേഷന്‍ ഡയറക്ട്രേറ്റ് കൊച്ചിയില്‍ സംഘടിപ്പിച്ച രണ്ടാമത് പ്ലാന്റേഷന്‍ എക്‌സ്‌പോയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലാന്റേഷന്‍ എക്‌സ്‌പോയിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌ക്കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു. വന്‍കിട തോട്ടങ്ങളുടെ സ്റ്റാളിനുള്ള മികച്ച പുരസ്‌ക്കാരം കോട്ടനാട് പ്ലാന്റേഷന്‍ കരസ്ഥമാക്കി. ചെറുകിട തോട്ടങ്ങള്‍ക്കുള്ള സ്റ്റാളിന്റെ പുരസ്‌ക്കാരം ജെയിന്‍ ഫുഡ്‌സിനാണ്. ഇലക്ട്രോലൈറ്റിനാണ് മികച്ച സേവനദാതാക്കള്‍ക്കുള്ള വിഭാഗത്തിലെ പുരസ്‌ക്കാരം നേടിയത്. സുനൈദ് സിസ്റ്റംസ് ഈ മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പിനുള്ള സ്റ്റാളിന്റെ പുരസ്‌ക്കാരം നേടി. മാര്‍ത്ത ഫുഡ്‌സ് ആണ് മികച്ച മൂല്യവര്‍ധിത ഉത്പന്ന സ്റ്റാള്‍. മികച്ച സര്‍ക്കാര്‍ സ്ഥാപന സ്റ്റാളിനുള്ള പുരസ്‌ക്കാരം പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരള കരസ്ഥമാക്കി.

'സ്വതന്ത്രവ്യപാരകരാറിന്റെ പരിണിത ഫലമായി തോട്ടം മേഖല നേരിട്ട പ്രതിസന്ധി ചില്ലറയല്ല. വൈവിധ്യവത്കരണം, മൂല്യവര്‍ധനം, തരിശ് ഭൂമിയില്‍ കൃഷി തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കണം. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ സാധിക്കൂവെന്ന കാര്യം തൊഴിലാളികളും തോട്ടമുടമകളും മനസിലാക്കണം. തോട്ടങ്ങളിലെ ലയങ്ങളുടെ നവീകരണം സംബന്ധിച്ച് പുതിയ പദ്ധതി തയ്യാറായി വരികയാണ്. ഇതോടെ വലിയൊരു സാമൂഹ്യ ഉന്നമനം സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. കേരള ക്ലൈമറ്റ് റിസൈലന്റ് അഗ്രി വാല്യു ചെയിന്‍ മോഡണൈസേഷന്‍) (കേര) എന്ന ലോകബാങ്ക് പദ്ധതി വിഹിതത്തിന്റെ വലിയൊരു ഭാഗം പ്ലാന്റേഷനു വേണ്ടി മാറ്റിവയ്ക്കാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്ലാന്റേഷന്‍ ഡയറക്ട്രേറ്റ് അഡി. ഡയറക്ടര്‍ കെ എസ് കൃപകുമാര്‍, എപികെ ചെയര്‍മാന്‍ പ്രിന്‍സ് തോമസ് ജോര്‍ജ്ജ്, ചെറുകിട തോട്ടം മേഖല പ്രസിഡന്റ് അബു എബ്രഹാം തോമസ്, കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി അനൂപ്, ജില്ലാ വ്യവസായ കേന്ദ്രം എറണാകുളം ജില്ലാ ജനറല്‍ മാനേജര്‍ പി എ നജീബ്, വയനാട് ജില്ലാ ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍, പ്ലാന്റേഷന്‍ ഡയറക്ട്രേറ്റ് ഡെ. ഡയറക്ടര്‍ ജോസ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

മൂന്നുദിവസങ്ങളിലായി നടന്ന പ്ലാന്റേഷന്‍ എക്‌സ്‌പോയില്‍ വന്‍ തിരക്കാണ് അനുഭവപ്പട്ടത്. തോട്ടം മേഖലയുടെ ഉന്നമനം സംബന്ധിച്ച പാനല്‍ ചര്‍ച്ചകള്‍, ബി-ടു-ബി കൂടിക്കാഴ്ചകള്‍, വാണിജ്യ ചര്‍ച്ചകള്‍ എന്നിവ നടന്നു.