26 March 2024 9:54 AM GMT
Summary
- ഹൈബ്രിഡ് മാതൃകയിൽ സർവീസ് നടത്താൻ കഴിയുന്ന കമ്പനികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്
- കപ്പൽ യാത്രയുടെ സാധ്യതകൾ പരിശോധിക്കാനുള്ള ആദ്യഘട്ട ചർച്ച നാളെ കൊച്ചിയിൽ നടക്കും
- താൽപര്യ പത്രം സമർപ്പിക്കാൻ 2024 ഏപ്രിൽ 22 വരെ സാവകാശമുണ്ട്
കേരളത്തിലെ തുറമുഖങ്ങളിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്കു യാത്ര കപ്പൽ സർവീസ് നടത്തുന്നതിനായി താൽപര്യം പ്രകടിപ്പിച്ച് 4 കമ്പനികൾ രംഗത്ത്.
രാജ്യത്തെ പ്രമുഖ ഷിപ്പിങ് കമ്പനിയായ ജെഎം ബക്സി, സിത ട്രാവൽ കോർപറേഷൻ ഓഫ് ഇന്ത്യ, ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ്, ഗാങ്‍വെ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് എന്നീ കമ്പനികളാണ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇവയിൽ രണ്ടെണ്ണം കേരളത്തിൽ നിന്നുള്ള ഷിപ്പിങ് കമ്പനിയാണ്. ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്നതും, ഗാങ്‍വെ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുമാണ്.
വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴിക്കൽ തുറമുഖങ്ങളിൽ നിന്നു ഗൾഫിലേക്കു സർവീസ് നടത്താൻ താൽപര്യമുള്ള കമ്പനികളിൽ നിന്നു കേരള മാരിടൈം ബോർഡ് താൽപര്യപത്രം ക്ഷണിച്ചിരുന്നു. ഹൈബ്രിഡ് മാതൃകയിലുള്ള ചെറുതോ, വലുതോ ആയ കപ്പലുകൾ സർവീസ് നടത്താൻ കഴിയുന്ന കമ്പനികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ ഭാഗമായാണു കമ്പനികൾ ബോർഡിനെ താൽപര്യം അറിയിച്ചിരിക്കുന്നത്.
താൽപര്യ പത്രം സമർപ്പിക്കാൻ 2024 ഏപ്രിൽ 22 വരെ സാവകാശമുണ്ടെങ്കിലും കൂടുതൽ കമ്പനികൾ ഇനിയും താൽപര്യം അറിയിക്കുമെന്നാണു ബോർഡ് പ്രതീക്ഷിക്കുന്നത്. താൽപര്യവുമായി മുന്നോട്ടു വരുന്ന കമ്പനികളുമായി മാരിടൈം ബോർഡ് വിശദമായ ചർച്ചകൾ നടത്തും.
വിമാന യാത്രയുമായി താരതമ്യം ചെയ്യുമ്പോൾ യാത്രാ സമയം വളരെ കൂടുതലാണെങ്കിലും ടിക്കറ്റ് നിരക്ക് കുറവുള്ളതും ഉയർന്ന അളവിൽ ലഗേജ് കൊണ്ടുപോകാമെന്നതും കപ്പൽ സർവീസിന്റെ നേട്ടമാണ്.
യാത്രാ കപ്പൽ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി കേരള മാരിടൈം ബോർഡ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ നിന്നും അഭിപ്രായം തേടിയിട്ടുണ്ട്. കേരള മാരിടൈം ബോർഡിന്റെ https://kmb.kerala.gov.in/en എന്ന വെബ്സൈറ്റിൽ പത്തോളം ചോദ്യങ്ങളിലാണ് പ്രവാസികളിൽ നിന്നും അഭിപ്രായം തേടുന്നത്.
കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഗൾഫിലേക്കുള്ള കപ്പൽ യാത്രയുടെ സാധ്യതകൾ പരിശോധിക്കാനുള്ള ആദ്യഘട്ട ചർച്ച നാളെ കൊച്ചിയിൽ നടക്കും.