image

18 Jan 2024 7:59 AM GMT

Kerala

പാർസൽ ഭക്ഷണം; ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

MyFin Desk

food safety department has tightened the rule on parcel food
X

Summary

  • ഭക്ഷ്യ വിഷബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം
  • ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ രേഖപ്പെടുത്തണം
  • പാര്‍സൽ വില്‍പ്പന നടത്തുന്ന ഊണ്, സ്‌നാക്ക്‌സ്, മറ്റ് ഭക്ഷണങ്ങള്‍ക്കും നിയമം ബാധകമാണ്


പാര്‍സല്‍ ഭക്ഷണ കവറില്‍ ലേബലുകള്‍ പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ രേഖപ്പെടുത്തണം. കടകളില്‍ വില്‍പ്പന നടത്തുന്ന പാര്‍സല്‍ ഭക്ഷണത്തിന് ലേബല്‍ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകള്‍ പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നിയമം കര്‍ശനമായി നടപ്പിലാക്കുവാന്‍ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്‌.

പാര്‍സല്‍ ഭക്ഷണം ഉപയോഗിക്കേണ്ട സയമപരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യ വിഷബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന പാർസലുകളിൽ ഭക്ഷണം തയ്യാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സയമ പരിധിയെക്കുറിച്ചോ ഉപഭോക്താക്കൾക്ക് ധാരണയില്ല.

കടകളില്‍ നിന്നും പാര്‍സലായി വില്‍പ്പന നടത്തുന്ന ഊണ്, സ്‌നാക്ക്‌സ്, മറ്റ് ഭക്ഷണങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്. ഓണ്‍ലൈന്‍ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബല്‍ പതിക്കണം. ലേബല്‍ പതിക്കാതെ പാര്‍സല്‍ ഭക്ഷണം വില്‍പ്പന നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.