image

6 Nov 2024 9:50 AM GMT

Kerala

റേഷന്‍കാര്‍ഡിൽ പേര്,മേൽവിലാസം തെറ്റാണോ ? ഇതാ തിരുത്താൻ അവസരം

MyFin Desk

റേഷന്‍കാര്‍ഡിൽ പേര്,മേൽവിലാസം തെറ്റാണോ ? ഇതാ തിരുത്താൻ അവസരം
X

Summary

പുതുതായി ആധാര്‍ നമ്പര്‍ ചേര്‍ക്കാനും അവസരം


റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് 'തെളിമ' പദ്ധതിയുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ്. നവംബർ 15 ന് ആരംഭിക്കുന്ന പദ്ധതി ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും. അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും പദ്ധതിയിലൂടെ സാധിക്കും.

റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രിയില്‍ ഉണ്ടായ തെറ്റുകള്‍, കാര്‍ഡ് അംഗങ്ങളുടെ പേര്, ഇനിഷ്യല്‍, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എല്‍.പി.ജി വിവരങ്ങളിലെ തെറ്റുകളും പദ്ധതിയിലൂടെ തിരുത്താം. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളില്‍ കാര്‍ഡിലെ തെറ്റുകള്‍ കാരണം മസ്റ്ററിങ് നിരസിക്കപ്പെട്ടവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകൾക്ക് റേഷന്‍ കടകളില്‍ സൗകര്യം ഉണ്ടായിരിക്കും. ഓരോ റേഷന്‍ കടകളിലും ഇതിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ബോക്‌സില്‍ പരാതികളും അപേക്ഷകളും ഇടാം. മഅതേസമയം, റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീര്‍ണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അത്തരം അപേക്ഷകള്‍ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍, സിറ്റിസണ്‍ ലോഗിന്‍ മുഖേന വകുപ്പിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.