5 Aug 2023 11:45 AM GMT
Summary
- 100 മേനി വിളവാണ് ഈ പൂപ്പാടങ്ങളില്‍
ഓണവിളികള്‍ കേള്‍ക്കാള്‍ ഇനി ഏറെ നാളൊന്നും കാത്തിരിക്കേണ്ട. കേരളത്തിന്റെ മുറ്റത്ത് അത്തപ്പൂക്കളം വിരിയാനും ഇനി അധിക നാളില്ല. ഇത്തവണ വരവ് പൂക്കള്‍ക്കൊപ്പം നമ്മുടെ പൂക്കളും വിപണിയില്‍ മണം പരത്തും.
അത്തം മുതല്‍ തിരുവോണം വരെ പൂക്കളങ്ങള്‍ നിറയുന്ന ഓണക്കാലം പണ്ട് നാടന്‍ പൂക്കളാലായിരുന്നു സമ്പന്നം. വൈകൂന്നേരങ്ങളിലെ കൂട്ടം കൂടിയുള്ള പൂപ്പറിക്കലും വിശേഷങ്ങളും മലയാളിക്കിന്ന് ഗൃഹാതുരമായ ഓര്‍മകളായി മാറിയിരിക്കുകയാണ്. 'പൂവേ പൊലി' പൂവിളിപ്പാട്ടുകളുമായി ഇന്നില്ല. തുമ്പയും തെച്ചിയും മുക്കുറ്റിയും കണ്ണാന്തളിയും കൃഷ്ണകിരീടവും കാശിത്തുമ്പയുമൊക്കെ അത്തപ്പൂക്കളങ്ങളില്‍ കാണാനില്ലാതായി. പകരം വരവു പൂക്കള്‍ സ്ഥാനം പിടിച്ചു.
നമ്മുടെ മുറ്റത്തും
നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കള്‍ എന്ന ലക്ഷ്യത്തോടെ ഓണ വിപണിയിലെ പൂവില നിയന്ത്രിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇപ്പോള്‍ പൂ കൃഷി വ്യാപകമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഈ ലക്ഷ്യത്തോടെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിഎന്നിവ വഴിയും കാര്യമായ പൂക്കൃഷി സംസ്ഥാനത്ത് ഇത്തവണ നടന്നിട്ടുണ്ട്. കേരളത്തിന്റെ മൊത്തം പൂ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതൊന്നും പര്യാപ്തമല്ലെങ്കിലും മികച്ചൊരു ആശയവും അതുവഴി വരുമാനമാര്‍ഗ്ഗവും നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കളിലൂടെ സാധിക്കുന്നുണ്ട്.
കാട്ടാക്കട, പന്തളം, മലപ്പുറം, പൂണിത്തുറ, ബാലരാമപുരം, ആറളം തുടങ്ങി കേരളത്തിന്റെ തെക്ക് മുതല്‍ വടക്ക് വരെ പൂവസന്തം തീര്‍ക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പുകള്‍. ഒപ്പം നിരവധി ബാങ്കുകളും ഇത്തരം ഉദ്യമവുമായി മുന്നോട്ട് വന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഓണം വിപണി ലക്ഷ്യമിട്ട് ആറളത്തെ 15 ഏക്കറോളം പ്രദേശത്താണ് ചെണ്ടുമല്ലി കൃഷി നടത്തിയിരിക്കുന്നത്. 100 മേനി വിളവാണ് ഈ പൂപ്പാടങ്ങള്‍ക്ക് പറയാനുള്ളത്.
അതിര്‍ത്തിക്കപ്പുറത്തെ വസന്തം
പൂക്കളുടെ കേന്ദ്രമാണ് കന്യാകുമാരിക്കടുത്തുള്ള തോവാള. കാഴ്ച്ചയുടെ വര്‍ണ്ണ വസന്തം വിരിയിക്കുന്ന തോവാളയില്‍ കച്ചവടം പൊടിപൊടിക്കുന്നത് ഓണക്കാലത്താണ്. ചിങ്ങമാസം കല്ല്യാണമടക്കമുള്ള ആഘോഷങ്ങളുടെ കൂടെ കാലമാണ്. 3000 ത്തോളം കര്‍ഷകരാണ് തോവാളയില്‍ പൂകൃഷി ചെയ്യുന്നത്. സാധാരണ ഓണ സീസണില്‍ 15 ടണ്ണോണം പൂവാണ് വില്‍പ്പനക്കെത്തുന്നത്. 1500 ഓളം കുടുംബങ്ങളാണ് പൂക്കച്ചവടം നടത്തി ഇവിടെ ജീവിക്കുന്നത്. മധുര, ബെംഗളൂരു, ഹൊസൂര്‍, ഊട്ടി, കൊടയ്ക്കനാല്‍ എന്നിവിടങ്ങളില്‍ നിന്നും തോവാള മാര്‍ക്കറ്റിലേയ്ക്ക് പൂക്കളെത്തുന്നുണ്ട്.
തോവാളമാത്രമല്ല കര്‍ണ്ണാടകയിലെ പല പ്രദേശങ്ങളും ഓണക്കാലത്ത് പൂത്തുലയുന്നത് മലയാളികള്‍ക്ക് വേണ്ടിയാണ്. കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ട്, തമിഴ്നാട്ടിലെ തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പാര്‍ വടകരൈ എന്നിവടങ്ങളും് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ പൂക്കള്‍ നിറയ്ക്കുന്നു.
വാടാമല്ലി, ചെണ്ടുമല്ലി, സീനിയ, റോസ്, താമര, അരളി, ജമന്തി എന്നീ പൂക്കളാണ് പൂക്കളത്തിലെ രാജാക്കന്മാര്‍. സീസണേതായാലും എല്ലാക്കാലത്തും താരമാണ് മുല്ലപ്പൂ. മുല്ലപ്പൂവില്ലാതെ എന്ത് ആഘോഷം അല്ലെ, കൊയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ ഒരു കിലോ മുല്ലപ്പൂവിന് 200 രൂപയാണ് വില. ഓണമടുത്താല്‍ ഇത് 1000 രൂപയോളമാവും. ചെണ്ടുമല്ലി കിലോ 60 രൂപ. റോസ് കിലോ 300 എന്നിങ്ങനെയാണ് ഈ ആഴ്ച്ചയിലെ വിലകളെങ്കില്‍ അടുത്തവാരം കഴിഞ്ഞാല്‍ ഇവയെല്ലാം തൊട്ടാല്‍ പൊള്ളും.