image

24 Oct 2024 9:58 AM GMT

Kerala

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് : ലോഗോ പ്രകാശനം ചെയ്തു

MyFin Desk

invest kerala global summit
X

ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ' ഔദ്യോഗിക ലോഗോ പ്രകാശനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു. കേരളത്തിൻ്റെ മുന്നേറ്റത്തിൻ്റെ പ്രതീകമായി പറവകളും പരമ്പരാഗത വ്യവസായങ്ങളുടെ നാടെന്ന നിലയിൽ ഹാൻ്റിക്രാഫ്റ്റിങ്ങും ഒപ്പം നൂതന വ്യവസായങ്ങൾ കേരളം ലക്ഷ്യകേന്ദ്രമായി കാണുന്നുവെന്ന സന്ദേശവും ഉൾക്കൊള്ളിച്ചാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്. 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിലാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തുതന്നെ ഒന്നാമതുള്ള കേരളം പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ നിക്ഷേപക സംഗമം കടന്നുവരുന്നത് അനുകൂല ഘടകമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. സമ്മിറ്റിനായി മികച്ച മുന്നൊരുക്കങ്ങൾ സംസ്ഥാനം നടത്തുന്നുണ്ട്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ പ്രധാന നഗരങ്ങളിൽ സംരംഭകരുമായി നടത്തുന്ന റോഡ് ഷോകൾ നടന്നുവരികയാണ്. ഇതിന് ശേഷം വിവിധ വിദേശ രാജ്യങ്ങളിലും കേരളം റോഡ് ഷോകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇൻ്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ്, മാരിടൈം ആൻ്റ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിൾ, ഫുഡ് ടെക് കോൺക്ലേവ്, ഇൻ്റർനാഷണൽ ബയോടെക്നോളജി ആൻ്റ് ലൈഫ് സയൻസ് കോൺക്ലേവ് എന്നിവ പൂർത്തിയായിട്ടുണ്ട്. 12 സെക്ടറൽ കോൺക്ലേവുകളിൽ അവശേഷിക്കുന്നവയും ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിന് മുൻപായി സംഘടിപ്പിക്കും. കേരളം ഇന്നേവരെ കാണാത്ത ചരിത്രസംഭവമായി ആഗോള നിക്ഷേപക സംഗമം മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു.