image

23 Nov 2023 5:10 AM GMT

Kerala

ഒടിയന്‍ സംവിധായകന്‍ നിർമാണത്തിലേക്ക്; അന്‍ജന-വാര്‍സ് സംയുക്ത സംരംഭം പ്രഖ്യാപിച്ചു

MyFin Desk

Anjana-Wars joint venture announced for Odiyan directorial production
X

Summary

  • ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കും
  • ഓസ്ട്രേലിയയിലെ മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും സംരംഭത്തിന്‍റെ ഭാഗം
  • ആറ് ചിത്രങ്ങളുടെ രചനാ ജോലികള്‍ പുരോഗമിക്കുന്നു


മിന്നൽ മുരളി, ആർഡിഎക്സ്- എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേക്ക്. സംയുക്ത സിനിമാ സംരംഭത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു. ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കും.

കുവൈറ്റ് ആസ്ഥാനമാക്കി ഓയിൽ നാചുറൽ ഗ്യാസ് വ്യവസായം നടത്തുന്ന ഫിലിപ്പ് സക്കറിയയുടെയും ഭാര്യ അൻജന ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ള അൻജനാ ടാക്കീസും വി. എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാർസ് സ്റ്റുഡിയോസും ഇതോടെ ഔദ്യോഗികമായി സംയുക്ത പ്രവർത്തനം ആരംഭിച്ചു. ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല സിനിമയുടെ നിർമ്മാതാവായ, ഓസ്ട്രേലിയയിലെ മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

"പുതിയ വലുപ്പത്തിലേക്ക് വളരുന്ന, മലയാളം ഉൾപ്പെട്ട തെന്നിന്ത്യൻ സിനിമയ്ക്കൊപ്പം അൻജന - വാർസ് സംരംഭങ്ങളും ഇനി ഉണ്ടെന്നത് ഏറെ സന്തോഷകരം. ഏറ്റവും മികച്ച കഥകൾ കണ്ടെത്തി മുന്നേറാനുള്ള ഈ സംരഭത്തിന്റെ തീരുമാനം ഉചിതമാണ്. എല്ലാ ആശംസകളും പ്രാർത്ഥനയും," മോഹൻലാൽ പറഞ്ഞു.

തികച്ചും പ്രൊഫഷണല്‍ സമീപനം

ആറോളം പ്രൊജക്ടുകളുടെ രചനാ ജോലികൾ പൂർത്തിയായി വരുകയാണ്. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ്. ഹരീഷ്, സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് സംയുക്ത സംരംഭത്തിന്‍റെ ആദ്യ സിനിമകൾ ഒരുങ്ങുന്നത്.

"സാഹിത്യം, നടന്ന സംഭവങ്ങൾ- എന്നീ സ്രോതസ്സുകളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ സിനിമയുടെ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത്. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക. നല്ല കഥകൾ കണ്ടെത്തുവാനായി, എന്നതാണ് നിർമ്മാണം ആരംഭിക്കാനുള്ള പ്രചോദനം. സിനിമകളോട് കുടുംബത്തിന് മൊത്തമുള്ള ഇഷ്ടമാണ് നിർമ്മാണത്തിലേക്ക് ഞങ്ങളെ നയിച്ചത്. സിനിമാ നിർമ്മാണ പ്രക്രിയയെ ഒരു വ്യവസായം എന്ന നിലയില്‍ കണ്ട് തികച്ചും പ്രൊഫഷണൽ രീതികളോടെയാകും സമീപിക്കുക"- അൻജന ഫിലിപ്പ് പറഞ്ഞു.

"എല്ലാ സിനിമകള്‍ക്കും ലോകത്തെ എല്ലാവരെയും പ്രേക്ഷകരായി കാണാനാകുന്ന ഒരു കാലത്താണ് ഇന്ന് നമ്മളുള്ളത്. ഭാഷയുടെ അതിരുകൾ സിനിമയ്ക്ക് ബാധകമല്ല. നല്ല സിനിമകൾക്ക് ലോകമാകെ വിപണിയുള്ള കാലമാണിത്. ലോകം മുഴുവനും നമ്മുടെ സിനിമകൾക്കും എത്താനാകും. ഉള്ളടക്കമാണ് ഇപ്പോൾ സിനിമയുടെ ജയം നിർണ്ണയിക്കുന്നതും തിയറ്ററുകൾ നിറയ്ക്കുന്നതും. അൻജന ടാക്കീസുമായി ചേർന്ന് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ കണ്ടെത്തിയത് ഈ പാഠങ്ങളിൽ നിന്നാണ്"- വി.എ ശ്രീകുമാർ പറഞ്ഞു.

ആദ്യ ചിത്രം ഹരീഷിന്‍റെ രചനയില്‍

ഏദൻ, ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം- തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തും നോവലിസ്റ്റും കഥാകൃത്തുമായ എസ്.ഹരീഷിന്റ രചനയിലാണ് ആദ്യ ചിത്രം ഒരുങ്ങുന്നത്. രചനയിൽ ഹരീഷിനൊപ്പം പങ്കാളിയായ പ്രേം ശങ്കർ ഈ സിനിമ സംവിധാനം ചെയ്യും. പാലക്കാടൻ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹാസ്യ ചിത്രമായിരിക്കും ഇത്. ഒഗിൾവി,ഗ്രേ, ഫിഷ്ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറും ബ്രിട്ടാനിയ, ഐടിസി, ടിവിസ, ലിവൈസ്, റാംഗ്ലർ തുടങ്ങി അനേകം ബ്രാൻഡുകളുടെ പരസ്യചിത്രം സംവിധാനം ചെയ്യുകയും ചെയ്ത പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം 'രണ്ടു പേർ' 2017ൽ ഐഎഫ്എഫ്കെയിലെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നു.

തുടര്‍ന്നുള്ള സിനിമകളെയും സംവിധായകരെയും കുറിച്ചുള്ള പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ: പി.ശിവപ്രസാദ്