2 Oct 2023 10:49 AM
Summary
- പ്രതിദിനം 50,000 ലിറ്റര്‍ ജലശുദ്ധീകരണ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്.
കൊച്ചി: സുഭാഷ് പാര്‍ക്കില്‍ പുതിയ ജല ശുദ്ധീകരണ സംവിധാനം. ബിപിസിഎല്ലിന്റെ സഹായത്തോടെയാണ് കൊച്ചി നഗരസഭ പുതിയ ജല ശുദ്ധീകരണ സംവിധാനം പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. ജല ശുദ്ധീകരണ സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. പ്രതിദിനം 50,000 ലിറ്റര്‍ ജലശുദ്ധീകരണ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ശുദ്ധീകരിക്കപ്പെടുന്ന ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്ലാന്റില്‍ സാന്‍ഡ് ഫില്‍റ്റര്‍, കാര്‍ബണ്‍ ഫില്‍റ്റര്‍, ഇരുമ്പിന്റെ അംശം നീക്കം ചെയുന്നതിനുള്ള ഫില്‍റ്റര്‍ എന്നിവ സ്ഥാപിച്ചട്ടുണ്ട്. കൂടാതെ കുടിവെള്ളത്തിനായി രണ്ട് വാട്ടര്‍ പ്യൂരിഫയറുകളും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
നിലവില്‍ പാര്‍ക്കില്‍ കുഴല്‍ക്കിണറില്‍ നിന്ന് എടുക്കുന്ന വെള്ളം ഉപയോഗിച്ചാണ് ചെടികളും മറ്റും നനയ്ക്കുന്നത്. എന്നാല്‍ ഈ ജലത്തില്‍ ഇരുമ്പിന്റെ അംശവും ലവണാംശവും കൂടുതലാണ്. ഇതുമൂലം ചെടികള്‍ വാടിപ്പോകുന്നത് അടക്കമുള്ള നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ശാസ്ത്രീയമായ ഒരു ശുദ്ധീകരണ സംവിധാനം പാര്‍ക്കില്‍ ഒരിക്കിയിരിക്കുന്നത്.