23 Feb 2024 5:29 AM GMT
Summary
- ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
- രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അക്കാര്യം രേഖപ്പെടുത്തണം
- നിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വരും
പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ 'വാഹന്‍ പോര്‍ട്ടല്‍' വഴി അപേക്ഷ ലഭിച്ചാല്‍ രണ്ടു പ്രവൃത്തി ദിവസത്തിനകം നമ്പര്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കും.
ഏതെങ്കിലും രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അക്കാര്യം വൃക്തമായി രേഖപ്പെടുത്തണം.
വാഹനം ഒരു സ്ഥാപനത്തിന്റെ സ്ഥാപന മേധാവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിക്കുമ്പോള്‍ ഈ വ്യക്തികളുടെ വൃക്തിഗത ആധാര്‍, പാന്‍ വിവരങ്ങള്‍ വേണമെന്ന് നിര്‍ബന്ധിക്കരുത്. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ പേരിലുള്ള പാന്‍, ടാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണം.
വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള അപേക്ഷയിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം
വാഹനങ്ങളുടെ രജിസ്‌ട്രേഷനുള്ള അപേക്ഷയില്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ ചട്ടം 47(1) (m) പ്രകാരം നോമിനി നിര്‍ബന്ധമില്ല. നോമിനിയുടെ പേര് വയ്ക്കുകയാണെങ്കില്‍ മാത്രമേ നോമിനിയുടെ ഐ.ഡി പ്രൂഫ് ആവശ്യപ്പെടുവാന്‍ പാടുള്ളൂ.
അന്യസംസ്ഥാനത്ത് സ്ഥിര മേല്‍വിലാസമുള്ളതും സംസ്ഥാനത്ത് സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യന്നതുമായ വ്യക്തികള്‍ക്ക് വാഹനം രജിസ്റ്റര്‍ ചെയ്യന്നതിന് സ്ഥിര മേല്‍വിലാസം തെളിയിക്കുന്നതിന് ആധാറിന്റെ പകര്‍പ്പിനോടൊപ്പം താല്‍ക്കാലിക മേല്‍വിലാസം തെളിയിക്കുന്നതിനായി നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കണം.
സര്‍ക്കാര്‍/പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് തസ്തിക, വിലാസം, നല്‍കിയ തീയതി രേഖപ്പെടുത്തിയത്, അല്ലെങ്കില്‍ ഓഫീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റും വേണം.
നിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വരും.