22 Sept 2023 10:44 AM
Summary
- വരുമാനത്തിലൊതുങ്ങുന്ന പാര്‍പ്പിടങ്ങള്‍ക്കായി പൊതു സ്വകാര്യ പങ്കാളിത്തം അനിവാര്യം
- എറണാകുളത്തു കെട്ടിട സമുച്ചയത്തിന്‍റെ പണി ഉടനേ
കേരളത്തിലെ കാലാവസ്ഥയും ഭൂമി ലഭ്യതയും കണക്കിലെടുത്തുള്ള സംസ്ഥാന പാര്‍പ്പിട നയം ഈ വര്‍ഷം തന്നെ പ്രഖ്യാപിക്കുമെന്ന് റവന്യു, ഭവന വകുപ്പ് മന്ത്രി കെ. രാജന്‍.
ഇന്ത്യ മോര്‍ട്ട്‌ഗേജ് ഗ്യാരന്റി കോര്‍പ്പറേഷന്‍ (ഐഎംജിസി), ക്രെഡായ് കേരള തുടങ്ങിയവരുടെ സഹകരണത്തോടെ ഫിക്കി സംഘടിപ്പിച്ച അഫോഡബിള്‍ ഹൗസിംഗ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവചനാതീതമായ കാലാവസ്ഥയെ നേരിടേണ്ട സാഹചര്യമാണു കേരളത്തില്‍. ഭൂമി ലഭ്യതയും പ്രധാന പ്രശ്‌നമാണ്. നൂതന സാങ്കേതികവിദ്യയും ബദല്‍ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ വരുമാനത്തിലൊതുങ്ങുന്ന പാര്‍പ്പിടങ്ങള്‍ കേരളത്തില്‍ സാധ്യമാകൂ. ത്രീഡി പ്രിന്‍റിംഗ് സങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്ഥാനത്തു നിര്‍മിച്ച ആദ്യ കെട്ടിടം അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അഫോഡബിള്‍ ഹൗസിംഗ് മേഖലയില്‍ ഇതൊരു നിര്‍ണായക കാല്‍വയ്പായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വര്‍ധിച്ചു വരുന്ന പാര്‍പ്പിട ആവശ്യങ്ങള്‍ കണക്കിലെടുത്ത് നൂതനമായ ഒട്ടേറെ പദ്ധതികള്‍ ഭവന വകുപ്പ് സ്വീകരിച്ചു വരുന്നുണ്ട്. എറണാകുളം മറൈന്‍ഡ്രൈവില്‍ ഭവന നിര്‍മാണ ബോര്‍ഡിന് കൈവശമുള്ള 17.9 ഏക്കര്‍ സ്ഥലത്ത് 40 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയം ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷത്തോടെ നഗരവത്കരണം വ്യാപകമാകുമെന്നും പാര്‍പ്പിടത്തിനു വേണ്ടിയുള്ള ആവശ്യകത സമാനതകളില്ലാത്ത വിധം വര്‍ധിക്കുമെന്നും ഐഎംജിസി ചീഫ് ഡിസ്ട്രിബ്യുഷന്‍ ഓഫീസര്‍ അമിത് ദിവാന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. വരുമാനത്തിലൊതുങ്ങുന്ന പാര്‍പ്പിടങ്ങള്‍ക്കായി പൊതു സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നു ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍ വി.പി നന്ദകുമാര്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ മധ്യവര്‍ഗ വിഭാഗങ്ങളുടെ പാര്‍പ്പിട ആവശ്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് കെ-റെറ ചെയര്‍മാന്‍ പി.എച്ച് കുര്യന്‍ ചൂണ്ടിക്കാട്ടി. ക്രെഡായ് കേരള ജനറല്‍ കണ്‍വീനര്‍ എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, ഫിക്കി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രംസംഗിച്ചു.
ആക്‌സസ് ടു ഫിനാന്‍സ് ഫോര്‍ ഇ ഡബ്‌ള്യു എസ് / എല്‍ ഐ ജി ബോറോവേഴ്സ് എന്ന സെഷനില്‍ അമിത് ദിവാന്‍ മോഡറേറ്ററായിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് ആര്‍. രതീഷ്, മുത്തൂറ് ഹൗസിംഗ് ഫിനാന്‍സ് സിഇഒ പവന്‍ കെ ഗുപ്ത, എസ്ബിഐ ജനറല്‍ മാനേജര്‍ ശേഷു ബാബു എന്നിവര്‍ പങ്കെടുത്തു.
ഫണ്ടിങ് ഓപ്പര്‍ച്യൂണിറ്റിസ് ആന്‍ഡ് ചലഞ്ചസ് ഫോര്‍ ബില്‍ഡേഴ്സ് എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ കെപിഎംജി അസോസിയേറ്റ് പാര്‍ട്ണര്‍ ആനന്ദ് ശര്‍മ്മ മോഡറേറ്ററായിരുന്നു. എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, ലൈഫ് മിഷന്‍ ഡെപ്യുട്ടി സിഇഒ അന്‍വര്‍ ഹുസ്സൈന്‍, കേരള ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പി സുനീര്‍, നിര്‍മിതി കേന്ദ്ര ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗീസ്, കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ഡോ.എ.ആര്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു.