image

6 Jan 2024 11:23 AM GMT

Kerala

നവകേരള സദസ്സ്; തദ്ദേശ വകുപ്പ് പരാതികളിൽ ഈ മാസം തന്നെ നടപടിയെന്ന് മന്ത്രി

MyFin Desk

നവകേരള സദസ്സ്; തദ്ദേശ വകുപ്പ് പരാതികളിൽ ഈ മാസം തന്നെ നടപടിയെന്ന് മന്ത്രി
X

Summary

  • വിവരങ്ങള്‍ അപേക്ഷകനെ രേഖാമൂലം അറിയിക്കും
  • ജനുവരി 22, 23, 24 തീയതികളില്‍ ജില്ലാതലത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും
  • താലൂക്ക് തലത്തിൽ പ്രത്യേക സിറ്റിങ് നടത്തും


നവകേരള സദസ്സില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ അപേക്ഷകളിലും ജനുവരി 31നകം നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഇതിനായി കൗണ്ടറുകളില്‍ നിന്ന് ലഭിച്ച 1,59,168 അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാതല സംവിധാനങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്.

എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയെന്ന് ഉറപ്പാക്കാനായി ജനുവരി 22, 23, 24 തീയതികളില്‍ ജില്ലാതലത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഇതിനായി താലൂക്ക് തലത്തിൽ പ്രത്യേക സിറ്റിങ് നടത്തും. ജില്ലാ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കി അപേക്ഷകളില്‍ പരിഹാര നടപടികള്‍ സ്വീകരിച്ചു എന്ന് ഈ ഡ്രൈവുകളില്‍ ഉറപ്പാക്കും. 63 ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍ക്കും, ജില്ലാ ഓഫീസുകളില്‍ പ്രവൃത്തിക്കുന്ന 15 അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കുമാണ് താലൂക്ക് തിരിച്ചുള്ള ചുമതല.

ലൈഫ്, കുടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയ മേഖലയിലെ അപേക്ഷകളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ ഇതേ തീയതികളില്‍ ഡ്രൈവിന്റെ ഭാഗമായി പ്രത്യേകം നടപടി സ്വീകരിക്കും.

ജില്ലാ തലത്തില്‍ പരിഹരിക്കപ്പെടുന്നതും സംസ്ഥാനതലത്തിലേക്ക് കൈമാറുന്നതുമായ വിവരങ്ങള്‍ അപേക്ഷകനെ രേഖാമൂലം അറിയിക്കും. ദീര്‍ഘകാല നടപടികള്‍ ആവശ്യമായ പരാതികളില്‍ തുടര്‍ നടപടികളുടെ പുരോഗതി അറിയുന്നതിനായി ചുമതലപ്പെട്ട ഓഫീസറുടെ തസ്തികയും മൊബൈല്‍ നമ്പറും മറുപടിയില്‍ ഉള്‍പ്പെടുത്തി അപേക്ഷകനെ അറിയിക്കും.