image

16 Jan 2024 8:25 AM GMT

Kerala

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; നാളെ കൊച്ചിൻ ഷിപ്പ്‌യാർഡ് ഡ്രൈ ഡോക്ക് ഉദ്ഘാടനം

MyFin Desk

prime minister in kerala today
X

Summary

  • വൈകീട്ട് അഞ്ചിന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ നടത്തും.
  • കൊച്ചിൻ ഷിപ്പ്‌യാർഡിന് ഒരു 'ഗ്ലോബൽ മാരിടൈം ഹബ്' ആയി മാറാൻ കഴിയും
  • കൊച്ചിയെ കപ്പൽ അറ്റകുറ്റ പണികൾക്കായുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റും


പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ബുധനാഴ്ച) കൊച്ചിൻ ഷിപ്പ്‌യാർഡിൽ പുതിയ 360 മീറ്റർ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര ഷിപ്പ് റിപ്പയർ ഫെസിലിറ്റി (ISRF) എന്നിവ ഉദ്ഘാടനം ചെയ്യും.

സാഗർ, മാരിടൈം ഇന്ത്യ വിഷൻ 2030 പദ്ധതികളുമായി പൊരുത്തപ്പെട്ട് 2,800 കോടി രൂപ ചെലവിലാണ് ഈ അതിനൂതന അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് കൊച്ചി ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ അറിയിച്ചു. ഈ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കൊപ്പം, കൊച്ചിൻ ഷിപ് യാർഡിന്റെ കഴിവുകളും നിലവിലുള്ള ഇൻഫ്രായും കൂടിച്ചേർന്നാൽ, കൊച്ചിക്ക് ഒരു യഥാർത്ഥ 'ഗ്ലോബൽ മാരിടൈം ഹബ്' ആയി മാറാൻ കഴിയുമെന്നും, ട്രാൻസിറ്റ് പദ്ധതികളും, കൊച്ചി ഷിപ്പ്‌യാർഡിന്റെ ഉയർന്ന ഗ്രേഡ്, തന്ത്രപരമായ നേട്ടങ്ങളും കാരണം ഈ ഡ്രൈ ഡോക്ക് അടിയന്തര സാഹചര്യത്തിൽ പ്രധാനപ്പെട്ട നാവിക ആസ്തികളെയും, വ്യാപാര കപ്പലുകളെയും കൈകാര്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് കൊച്ചിയിലെത്തുന്ന മോദി, വൈകീട്ട് അഞ്ചിന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക് 1.3 കിലോമീറ്റർ റോഡ് ഷോ നടത്തും.

വൈകിട്ട് 6.45നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഐ.എൻ.എസ്. ഗരുഡയിൽ എത്തുകയും തുടർന്ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ തങ്ങുകയും ചെയ്യും. ജനുവരി 17നു രാവിലെ ഗസ്റ്റ് ഹൗസിൽനിന്നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവില 7.40നു ഗുരുവായൂർ ക്ഷേത്രത്തിലും 10.15നു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഉച്ചയ്ക്കു 12നു കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ എത്തുകയും കൊച്ചിൻ ഷിപ്‌യാർഡിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് 1.30നു മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ പൊതുപരിപാടിയിൽ പങ്കെടുക്കും. തുടർന്ന് 2.35ന് പ്രധാനമന്ത്രി ഐ.എൻ.എസ്. ഗരുഡയിലേക്കു പുറപ്പെടുകയും അവിടെനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും ഡൽഹിയിലേക്കു മടങ്ങുകയും ചെയ്യും.

ബുധനാഴ്ച പ്രധാനമന്ത്രി നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്യും.

1,799 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ഡ്യുവൽ പർപ്പസ് ഡ്രൈ ഡോക്ക് കപ്പൽ നിർമാണത്തിനും, അറ്റകുറ്റപ്പണിക്കും ഒരു പോലെ ഉപയോഗിക്കാം. ആപത്കാലഘട്ടങ്ങളിൽ വലിയ യുദ്ധക്കപ്പലുകളെയും വ്യാപാര കപ്പലുകളെയും അറ്റകുറ്റപ്പണിക്കായി ഇവിടെ എത്തിക്കാം. വലിയ എ ൽ എ ൻ ജി കാരിയറുകൾ, കാപ്പിസൈസ്, സൂയസ്മാക്സ് കപ്പലുകൾ, ഓയിൽ റിഗ്സ്, സെമി-സബ്സ് എന്നിവയും മറ്റ് വലിയ കപ്പലുകളും ഇതിൽ ഉൾക്കൊള്ളും. 360 മീറ്റർ വരെയുള്ള കപ്പലുകൾക്കായി രാജ്യത്തിന്റെ ഷിപ്പ് റിപ്പയർ ശേഷി ഏകദേശം 25 ശതമാനം വർദ്ധിപ്പിച്ച് കൊച്ചിയെ ലോകത്തിന്റെ ഈ ഭാഗത്തെ പ്രധാന ഷിപ്പ് റിപ്പയർ കേന്ദ്രമായി സ്ഥാപിച്ചിരിക്കുകയാണ് ഐ എസ് ആർ ഫ്.

കപ്പൽ നന്നാക്കൽ ക്ലസ്റ്ററുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുമായി ഐഎസ്ആർഎഫ് യോജിച്ചു. ദുബായ്, സിംഗപ്പൂർ ക്ലസ്റ്ററുകളുടെ മാതൃകയിൽ അന്താരാഷ്ട്ര തലത്തിൽ ‘കൊച്ചി ക്ലസ്റ്റർ’ ഗണ്യമായ കപ്പൽ അറ്റകുറ്റപ്പണികളും അനുബന്ധ സേവനങ്ങളും ആരംഭിക്കും. തെക്ക്-കിഴക്കേ ഏഷ്യയെയും പശ്ചിമേഷ്യയെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കടൽ റൂട്ടിന് സമീപത്ത് സി എസ്‌ എൽ സ്ഥിതി ചെയ്യുന്നത് അന്താരാഷ്ട്ര കപ്പലുകൾക്ക് ഒരു പ്രധാന ആകർഷണമായിരിക്കും, ഇത് കൊച്ചിയെ കപ്പൽ അറ്റകുറ്റ പണികൾക്കായുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റും.