29 July 2023 9:55 AM
മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കും; വി എന്‍ വാസവന്‍
Kochi Bureau
Summary
- സഹകരണമേഖല സംസ്ഥാന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു
മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതി ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുമെന്ന് സഹകരണ-രജിസ്ട്രഷേന്‍ മന്ത്രി വി.എന്‍. വാസവന്‍. ഭരണഘടന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നതിനുള്ള നീക്കമാണിതെന്നും മന്ത്രി വ്യക്തമാക്കി.
'ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ 32-ാം എന്‍ട്രി പ്രകാരം സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നും സംശയലേശമന്യേ സുപ്രീം കോടതി വ്യക്തമാക്കി. ഈ തിരിച്ചടി മറികടക്കാനാണ് പുതിയ മള്‍ട്ടി സ്റ്റേറ്റ് നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സമീപനമാണിത്,' മന്ത്രി പറഞ്ഞു. 2021 ജൂലായ് 20 ന് 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന വിധിയില്‍ സഹകരണമേഖല സംസ്ഥാന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
സഹകരണ മേഖലയില്‍ 71 ശതമാനം നിക്ഷേപകരുമുള്ളത് കേരളത്തിലാണ്. നിക്ഷേപകരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. സഹകരണമേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഈ നീക്കത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാര്‍ക്ക് ഗുണകരമായ പ്രവര്‍ത്തനം നടത്തുന്ന സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാകും പുതിയ നിയമ ഭേദഗതി. ലോകത്തിന് തന്നെ മാതൃകയാകുന്ന, റാങ്കിംഗില്‍ വന്‍കിട സഹകരണ സംഘങ്ങളെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തിയ സഹകരണ സംഘങ്ങളും സംസ്ഥാനത്തുണ്ട്. ഇത്തരത്തില്‍ മാതൃകയാകുന്ന സംഘങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതി ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടതാണെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.