28 July 2023 5:45 PM IST
മദര്‍ ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ പുരസ്‌കാരം നേടി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
Kochi Bureau
Summary
- കുട്ടി ജനിച്ചയുടന്‍ മുലപ്പാല്‍ നല്‍കുന്നതിനുള്ള സജ്ജീകരണം മെഡിക്കല്‍ കോളേജില്‍ ഉറപ്പുവരുത്തുന്നുണ്ട്.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മദര്‍ ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷേറ്റീവ് (എം.ബി. എഫ്.എച്ച്.ഐ )അംഗീകാരം നേടി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ദേശീയ ആരോഗ്യ ദൗത്യം നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് 94.8 ശതമാനം മാര്‍ക്കോടെയാണ് അംഗീകാരം കരസ്ഥമാക്കിയത്.
മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെയും സ്ത്രീ രോഗ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ഈ നേട്ടം. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിലൂടെ ഉണ്ടാകുന്ന ശാരീരികവും വൈകാരികവുമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗര്‍ഭകാലം മുതല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും അമ്മക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി.
കൃത്രിമ പാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിനോ അവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളെയോ മെഡിക്കല്‍ കോളേജില്‍ അനുവദിക്കുന്നതുമല്ല. കുട്ടി ജനിച്ച് ഉടന്‍ മുലപ്പാല്‍ നല്‍കുന്നതിനുള്ള സജ്ജീകരണം മെഡിക്കല്‍ കോളേജില്‍ ഉറപ്പുവരുത്തുന്നുണ്ട്.
എന്‍ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക് പോലും മുലപ്പാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ശിശുരോഗ വിഭാഗം മേധാവി ഡോ ഷിജി ജേക്കബ് എംബിഎഫ്എച്ച്‌ഐ നോഡല്‍ ഓഫീസര്‍, ശിശുരോഗവിഭാഗം ഡോ സാജിത അബ്ദുള്ള എന്നിവരുടെയും സ്ത്രീ രോഗ വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരുടെയും ദേശീയ ആരോഗ്യ ദൗത്യം പിആര്‍ഒ സംഗീത ജോണ്‍, നഴ്‌സുമാര്‍ എന്നിവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.