image

7 Feb 2024 8:41 AM GMT

Kerala

സംസ്ഥാനത്ത് സംരംഭകർക്ക് അനുകൂലമായ അന്തരീക്ഷം: പി രാജീവ്

MyFin Desk

favorable environment for entrepreneurs in the state, p rajeev
X

Summary

  • കെ-സ്വിഫ്റ്റ് ഏകജാലക സംവിധാനം വഴി സംരംഭകന് സ്ഥാപനം ആരംഭിക്കാൻ സാധിക്കുന്നു
  • 50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ കോംപോസിറ്റ് ലൈസൻസ് ലഭിക്കും
  • 10 ഏക്കറോ അതിനുമുകളിലോ ഭൂമിയുണ്ടെങ്കിൽ വ്യവസായ പാർക്കിന് അപേക്ഷ സമർപ്പിക്കാം


സംരംഭകത്വത്തിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്ത് ശക്തിപ്പെട്ടതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത്‌ സംഘടിപ്പിച്ച ജില്ലാതല വ്യവസായ നിക്ഷേപക സംഗമം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഒട്ടനവധി പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.

കെ-സ്വിഫ്റ്റ് ഏകജാലക സംവിധാനം നടപ്പാക്കിയതോടെ സംരംഭകന് സുഗമമായി സ്ഥാപനം ആരംഭിക്കാനും മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുന്നു. വ്യവസായ സംരംഭകരുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിയെയോ ഉദ്യോഗസ്ഥരെയോ തേടി അലയേണ്ടതില്ല. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നിയമപരിരക്ഷയുള്ള പരാതി പരിഹാര സംവിധാനം ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ആരംഭിച്ചിട്ടിട്ടുണ്ട്. പരാതി ലഭിച്ച് 30 ദിവസത്തിനകം തീരുമാനമെടുക്കുകയും ഈ തീരുമാനം 15 ദിവസത്തിനകം നടപ്പിലാക്കുകയും ചെയ്യും.

50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കുന്നതിനായി ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കെ-സ്വിഫ്റ്റ് അക്നോളജ്മെന്റുള്ള സംരംഭങ്ങൾക്ക് മൂന്നുവർഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കാം. 50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ കോംപോസിറ്റ് ലൈസൻസും ലഭിക്കും.

സംസ്ഥാനത്ത് വ്യവസായ ആവശ്യങ്ങൾക്കുള്ള ഭൂമി ലഭ്യതയുടെ ദൗർലഭ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായി സ്വകാര്യ വ്യവസായ പാർക്കുകൾക്കും സർക്കാർ അനുമതി നൽകുന്നുണ്ട്. 10 ഏക്കറോ അതിനുമുകളിലോ ഭൂമിയുണ്ടെങ്കിൽ വ്യവസായ പാർക്കിന് അപേക്ഷ സമർപ്പിക്കാം.

10 ഏക്കര്‍ വരെയുള്ള ഭൂമിയില്‍ കുടിവെള്ളം, റോഡ്, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി മൂന്ന് കോടി രൂപ വരെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കി വരുന്നുണ്ട്‌. മലപ്പുറം ജില്ലയിൽ വ്യവസായ നിക്ഷേപത്തിനും പുതിയ സംരംഭം ആരംഭിക്കുന്നതിനും ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് നിലവിലുളളതെന്നും പ്രവാസികൾ ഉൾപ്പെടെ നിരവധി യുവസംരംഭകർ നവീന പദ്ധതികളുമായി ആവേശത്തോടെ മുന്നോട്ട് വരുന്നതിൽ ഏറെ സന്തേഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.