21 July 2023 7:30 AM
Summary
- വിവിധ ഭക്ഷ്യ ഉത്പന്നങ്ങള്‍, കാലിത്തീറ്റ, ധാതു മിശ്രിതങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്
- 10 കോടി രൂപയാണ് കേന്ദ്ര സഹായം ലഭിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ മില്‍മ പണികഴിപ്പിച്ച സ്റ്റേറ്റ് സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്റെ നടത്തിപ്പിനായി ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ (എന്‍ഡിഡിബി) പൂര്‍ണ ഉടമസ്ഥതയിലുള്ള കാഫ് (സിഎഎല്‍എഫ്) ലിമിറ്റഡുമായി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്-മില്‍മ) കരാര്‍ ഒപ്പിട്ടു. എറണാകുളം മേഖലാ യൂണിയന്‍ ആസ്ഥാനത്താണ് പുതിയ കെട്ടിടം പൂര്‍ത്തിയായിരിക്കുന്നത്.
കരാര്‍ പ്രകാരം സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്റെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് 10 വര്‍ഷത്തേക്ക് കാഫ് ലിമിറ്റഡിന് മില്‍മ കൈമാറി. 10 കോടിയോളം രൂപയുടെ കേന്ദ്ര സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന ലാബില്‍ വിവിധ ഭക്ഷ്യ ഉത്പന്നങ്ങള്‍, കാലിത്തീറ്റ, ധാതു മിശ്രിതങ്ങള്‍ എന്നിവ പരിശോധിക്കാനുള്ള അത്യാധുനിക ഉപകരണങ്ങളുണ്ട്.
എന്‍ഡിഡിബി ചെയര്‍മാന്‍ ഡോ. മീനേഷ് സി ഷാ, മില്‍മ ചെയര്‍മാന്‍ കെ എസ് മണി, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍ഡിഡിബി സിഎഎല്‍എഫ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രാജേഷ് സുബ്രഹ്‌മണ്യവും മില്‍മ മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ യൂസഫും തമ്മില്‍ ഗുജറാത്ത് ആനന്ദിലെ എന്‍ഡിഡിബി യില്‍ വച്ചാണ് കരാര്‍ ഒപ്പുവച്ചത്.
സ്റ്റേറ്റ് സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്‍ഡിഡിബിയുമായി മില്‍മ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ദേശീയ ക്ഷീര വികസന പദ്ധതിയുടെ ധനസഹായത്തോടെ എറണാകുളം മേഖലാ യൂണിയന്‍ ആസ്ഥാനത്ത് മില്‍മ ആരംഭിച്ചതാണ് സംസ്ഥാന സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്.
അന്താരാഷ്ട്ര നിലവാരത്തില്‍ ലാബ് പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ അക്രഡിറ്റേഷനുകള്‍ നേടുന്നതിനുമുള്ള സാങ്കേതിക പിന്തുണ എന്‍ഡിഡിബി നല്‍കും. എഫ്എസ്എസ്എഐ, ബിഐഎസ് തുടങ്ങിയവയുടെ റഫറല്‍ ലബോറട്ടറിയായി ലാബ് മാറും.