12 April 2024 10:30 AM GMT
Summary
- ചൂടുയരുന്ന സാഹചര്യത്തിലാണ് പാല്‍ കേടാകാതിരിക്കാന്‍ അറിയിപ്പുമായി മില്‍മ എത്തിയിരിക്കുന്നത്
- പാല്‍പ്പാക്കറ്റുകള്‍ ഫിഡ്ജില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശം
- തിളപ്പിച്ച് ഉപയോഗിക്കണം
എല്ലാ ഡീലര്‍മാരും ഉപഭോക്താക്കളും പാല്‍പാക്കറ്റുകള്‍ ലഭിച്ച ഉടന്‍ നിര്‍ബന്ധമായും റഫ്രീജറേറ്ററില്‍ തന്നെ സൂക്ഷിക്കണമെന്ന് മില്‍മയുടെ അറിയിപ്പ്. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്നു വരുന്ന ഈ സാഹചര്യത്തില്‍ പാല്‍ കേടുവരുന്നത് ഒഴിവാക്കുന്നതിനാണ് ഈ നീക്കം.
എന്തെങ്കിലും കാരണവശാല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പാലിന് തണുപ്പു കുറവായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ തിളപ്പിച്ച് ഉപയോഗിക്കാനും മില്‍മ ശുപാര്‍ശ ചെയ്തു.കേരളത്തിലെ ലക്ഷകണക്കിന് ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ശുദ്ധമായ പാല്‍ ഉല്‍പ്പാദനത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ഏറ്റവും ശുചിത്വത്തോടെയും, ശാസ്ത്രീയപരമായുമാണ് മില്‍മ കൈകാര്യം ചെയ്യുന്നത്.
തനതു സ്ഥലങ്ങളിലെ ക്ഷീരസംഘങ്ങള്‍ വഴി സംഭരിച്ച് അത്യാധുനിക മെഷീനറികളുടെയും, ടെക്‌നോളജികളുടെയും സഹായത്തോടെ അതിന്റെ പുതുമയും ഗുണനിലവാരവും നിലനിര്‍ത്തി ഉപഭോക്താക്കളുടെ കയ്യിലെത്തിക്കുക എന്ന ദൗത്യമാണ് മില്‍മ വര്‍ഷങ്ങളായി നിറവേറ്റികൊണ്ടിരിക്കുന്നതെന്ന് മില്‍മ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ എംഡി വില്‍സണ്‍ ജെ പുറവക്കാട്ട് പറഞ്ഞു.