9 April 2024 4:46 AM GMT
Summary
- കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്
- ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂർ മണ്ഡലത്തിൽ
- സ്ഥാനാർഥികളിൽ 25 പേർ സ്ത്രീകളാണ്
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാർഥി പട്ടിക തയ്യാറായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിങ്കളാഴ്ച 3 മണി വരെയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി. സംസ്ഥാനത്താകെ 10 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു.
കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്(14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും(5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സംസ്ഥാനത്താകെയുള്ള 194 സ്ഥാനാർഥികളിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169. ഏറ്റവുമധികം വനിത സ്ഥാനാർഥികളുള്ളത് വടകര മണ്ഡലത്തിലാണ് 4 പേർ.
തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണ് സ്ഥാനാർഥികൾ പത്രിക പിൻവലിച്ചത്. അന്തിമ സ്ഥാനാർഥി പട്ടിക തയ്യാറായതോടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങൾ അനുവദിച്ചു തുടങ്ങി.
ലോക്‌സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാർഥികളുടെ എണ്ണം
തിരുവനന്തപുരം 12(പിൻവലിച്ചത് 1), ആറ്റിങ്ങൽ 7(0), കൊല്ലം 12(0), പത്തനംതിട്ട 8(0), മാവേലിക്കര 9(1), ആലപ്പുഴ 11(0), കോട്ടയം 14(0), ഇടുക്കി 7(1), എറണാകുളം 10(0), ചാലക്കുടി 11(1), തൃശൂർ 9(1), ആലത്തൂർ 5(0), പാലക്കാട് 10(1), പൊന്നാനി 8(0), മലപ്പുറം 8(2), വയനാട് 9(1), കോഴിക്കോട് 13(0), വടകര 10(1), കണ്ണൂർ 12(0), കാസർകോട് 9(0).