image

18 Dec 2023 9:49 AM GMT

Kerala

സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ; ജനുവരി 1 മുതല്‍ കെ-സ്മാര്‍ട്ട് ആപ്പ്

MyFin Desk

Government services at your fingertips with K-Smart app from January 1
X

Summary

  • സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പിലേക്ക്
  • തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കണ്ട സേവനങ്ങള്‍ ഇനി ആപ്പിലൂടെ
  • സര്‍ട്ടിഫിക്കറ്റുകള്‍ ആപ്പ് വഴി ഡൗണ്‍ ലോഡ് ചെയ്യാം


തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സേവനങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാക്കാനായി ഒരുക്കുന്ന കെ -സ്മാര്‍ട്ട് ആപ്പ് ജനുവരി 1 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കെ-സ്മാര്‍ട്ട് ആപ്പ് ഉടന്‍ തന്നെ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്.

ലോഞ്ച് ചെയ്യും മുന്‍പേ മികച്ച നേട്ടമാണ് കെ- സ്മാര്‍ട്ട് ആപ്പ് സ്വന്തമാക്കിയത്. ഇ ഗവേണന്‍സില്‍ ദേശീയ തലത്തിലെ ശ്രദ്ധാകേന്ദ്രമാക്കി ഐകെഎമ്മിനെ മാറ്റാന്‍ ഈ അംഗീകാരം സഹായകരമായി. സര്‍ക്കാര്‍ ഓഫീസുകളില്‍ പോകാതെ തന്നെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കണ്ട സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭിക്കും.

ജനുവരി 1 മുതല്‍ ലഭ്യമാകും

ലോകത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷകള്‍ നല്‍കാനും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാനും ഇതില്‍ സൗകര്യമുണ്ട്. ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത 30 തോളം സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ ജനുവരി 1 മുതല്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ 10 മോഡ്യൂളിലെ സേവനമായിരിക്കും ലഭ്യമാകുക. വ്യാപാര, വാണിജ്യ ലൈസന്‍സുകള്‍, വസ്തുനികുതി, പൊതുജന പരാതി പരിഹാരം, വിപുലമായ ധനസേവനങ്ങള്‍, മനുഷ്യവിഭവ പരിപാലനം, കെട്ടിട നിര്‍മാണ പ്ലാന്‍ അംഗീകരിക്കല്‍ തുടങ്ങിയവയായിരിക്കും പദ്ധതിയിലൂടെ ആരംഭിക്കുക. മൊബൈല്‍ ഫോണ്‍ വഴി ഇവ ലഭ്യമാകും. ജീവനക്കാര്‍ക്ക് ഓഫീസ് ജോലികള്‍ മൊബൈല്‍ ഫോണിലൂടെ നിര്‍വഹിക്കാന്‍ കഴിയും.

വിഡിയോ കോള്‍ കെവൈസി അപേക്ഷാ ഫീസുകള്‍, നികുതി, മറ്റ് ഫീസുകള്‍ എന്നിവ ഓണ്‍ലൈനായി അടയ്ക്കാന്‍ ഇ -പേയ്‌മെന്റ് സംവിധാനം ആപ്പിലുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കെ -സ്മാര്‍ട്ട് ആപ്പ് വഴി ഡൗണ്‍ ലോഡ് ചെയ്യാം. ബ്ലോക്ക് ചെയിന്‍, നിര്‍മിത ബുദ്ധി, വെര്‍ച്വല്‍ ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങി വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണു ആപ്പ് പ്രവര്‍ത്തിക്കുക.

ആദ്യ ഘട്ടം കോര്‍പറേഷനുകളിലും നഗരസഭകളിലും പിന്നീട് പഞ്ചായത്തുകളിലും ആപ്പ് പ്രവര്‍ത്തനമാകും. തീരപരിപാലന നിയമ പരിധി, റെയില്‍വേ, എയര്‍പോര്‍ട്ട് സോണുകള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെട്ടതാണോ സ്ഥലം എന്നറിയാന്‍ ആ സ്ഥലത്തു പോയി ആപ് മുഖേന സ്‌കാന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും. കെട്ടിടം എത്ര ഉയരത്തില്‍ നിര്‍മിക്കാം, സെറ്റ് ബാക്ക് എത്ര മീറ്റര്‍ എന്നു തുടങ്ങി എല്ലാ വിവരങ്ങളും ഈ ആപ്പില്‍ ലഭിക്കും.