image

4 Oct 2023 5:45 AM GMT

Kerala

സംരംഭങ്ങളെ പിന്തുണയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരം; മന്ത്രി പി രാജീവ്

MyFin Desk

Industries Minister Rajeeve | kerala  industry sector
X

Summary

  • പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കുന്നതിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.
  • മികച്ച എംഎസ്എംഇ, മികച്ച എക്‌സ്‌പോര്‍ട്ടിംഗ് ഇന്‍ഡസ്ട്രി, തദ്ദേശസ്വംഭരണ സ്ഥാപനം തുടങ്ങിയവയ്ക്കും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി.


കൊച്ചി:സംരംഭങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്ന മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയപുരസ്‌കാരങ്ങളുടെ പ്രഖ്യാപനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മികച്ച എംഎസ്എംഇ, മികച്ച എക്‌സ്‌പോര്‍ട്ടിംഗ് ഇന്‍ഡസ്ട്രി തുടങ്ങി സംരംഭക മേഖലയില്‍ വിവിധ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കുന്നതിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ മികച്ച പൊതു മേഖലാ സ്ഥാപനം, മികച്ച ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ പുരസ്‌കാരങ്ങള്‍ക്കൊപ്പം വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോര്‍ട്ടിംഗിനായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകളും പ്രഖ്യാപിച്ചു.

മികച്ച പൊതുമേഖലാ സ്ഥാപനമായി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (മാനുഫാക്ചറിംഗ് -100 കോടി രൂപക്ക് മുകളില്‍ വിറ്റുവരവുള്ള വിഭാഗം) തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം കോ- ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് (മാനുഫാക്ചറിംഗ് -100 കോടി രൂപക്ക് താഴെയും 25 കോടി രൂപക്ക് മുകളിലും വിറ്റുവരവുള്ള വിഭാഗം). കേരളാ സിറാമിക്‌സ് ലിമിറ്റഡ് (മാനുഫാക്ചറിംഗ് - 25 കോടി രൂപക്ക് താഴെ വിറ്റുവരവുള്ള വിഭാഗം). കേരള ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (മാനുഫാക്ചറിംഗ് ഇതര മേഖല) എന്നിവയാണ് പുരസ്‌കാരത്തിന് അര്‍ഹമായ മറ്റ് സ്ഥാപനങ്ങള്‍.

മികച്ച ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍/മാനേജിംഗ് ഡയറക്ടര്‍ക്കുള്ള പുരസ്‌കാരത്തിന് കെ. ഹരികുമാര്‍ (എം.ഡി, ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിമിറ്റഡ്), പി. സതീഷ്‌കുമാര്‍ (എം.ഡി, കേരളാ സിറാമിക്‌സ് ലിമിറ്റഡ്) എന്നിവര്‍ അര്‍ഹരായി. എം.ബി. സന്തോഷ്, മെട്രോ വാര്‍ത്ത ('ദാക്ഷായണി ബിസ്‌കറ്റും സംരംഭക വര്‍ഷവും) , എ. സുള്‍ഫിക്കര്‍, ദേശാഭിമാനി (കേരളാ പേപ്പര്‍ പ്രോഡക്ട്‌സിനെക്കുറിച്ച് തയ്യാറാക്കിയ ഫീനിക്‌സ് എന്ന റിപ്പോര്‍ട്ട്), ആര്‍. അശോക് കുമാര്‍, ബിസിനസ് പ്‌ളസ് (കേരളം നിക്ഷേപ സൗഹൃദമാണ്) എന്നിവര്‍ക്കാണ് അച്ചടി മാധ്യമ പുരസ്‌കാരം. ദൃശ്യ മാധ്യമ വിഭാഗത്തില്‍ ഡോ.ജി.പ്രസാദ് കുമാര്‍, മാതൃഭൂമി ന്യൂസ് (പവര്‍ ടില്ലര്‍ കയറ്റുമതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്), എസ്. ശ്യാംകുമാര്‍, ഏഷ്യാനെറ്റ് (കേരളാ പേപ്പര്‍ പ്രോഡക്ട്‌സിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്) എന്നിവരും അര്‍ഹരായി.