Summary
- കോർപ്പറേഷന്റെ ഡെറ്റ്-ഇക്വിറ്റി അനുപാതം 6.82 എന്ന ഉയർന്ന നിരക്കിൽ
- അറ്റ എൻ പി എ വർഷത്തിൽ 3.5 മടങ്ങ് കുതിച്ചുയരുന്നു
- രണ്ടാം പാദത്തിൽ അറ്റാദായം കഴിഞ്ഞ വർഷത്തേക്കാൾ 45.53 ശതമാനം ഇടിവിൽ
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെഎഫ്‌സി; KFC) ലോൺ ബുക്കിന്റെ പകുതിയോളം സർക്കാർ നിയന്ത്രണത്തിലുള്ള നാല് വൻകിട സ്ഥാപനങ്ങൾ നേടിയെടുത്തിരിക്കയാണ്.
2023 സെപ്തംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ (Q2) കെഎഫ്‌സി 30.11 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു; ഇത് മുൻ വര്ഷം ഇതേ കാലയളവിലെ 55.28 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 45.53 ശതമാനം ഇടിവാണ് കാണിക്കുന്നത്.
2023 സെപ്തംബർ അവസാനം വരെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി; KIIFB) ക്ക് കെഎഫ്‌സിയുടെ വായ്പ 916.68 കോടി രൂപയായപ്പോൾ, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് (KSSPL) വായ്പയായി നല്കിയതാകട്ടെ 500.13 കോടി രൂപയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ന് 418.69 കോടി രൂപയുമാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെഎസ്ഇബിഎൽ; KSEBL) നും കൊടുത്തു 1018.06 കോടി രൂപ.
2023 സെപ്‌റ്റംബർ 30 വരെ കെഎഫ്‌സിയുടെ മൊത്തം ലോൺ ബുക്ക് 6,931.20 രൂപയാണെങ്കിൽ, മുൻപറഞ്ഞ നാല് കമ്പനികളുമായുള്ള എക്സ്പോഷർ മൊത്തം വായ്പയുടെ 43 ശതമാനം അഥവാ 2,853.56 കോടി രൂപയാണ്.
ഒന്നാലോചിച്ചാൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എം എസ എം ഇ; MSME) മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തെ വ്യാവസായിക വളർച്ച വർദ്ധിപ്പിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് കെഎഫ്‌സി അവകാശപ്പെടുന്നത് രസകരമാണ്.
നാല് വലിയ വായ്പകളെ പരാമർശിച്ച്, കെഎഫ്‌സി പ്രസ്താവിച്ചു, “ഈ (നാല്) വായ്പകൾ കേരള സർക്കാരിന്റെ (GoK) പരമാധികാര ഗ്യാരണ്ടി മുഖേന മാത്രമേ സുരക്ഷിതമാക്കപ്പെട്ടിട്ടുള്ളൂ, മറ്റ് സെക്യൂരിറ്റികളൊന്നും ഇല്ല.”
എന്നാൽ, ഈ സാമ്പത്തിക വർഷത്തിൽ കെഎഫ്‌സി വായ്പകളുടെ ഗുണനിലവാരം മോശമായതായി നിഷ്ക്രിയ ആസ്തി (എൻപിഎ; NPA) ചിത്രത്തിലെ മാറ്റം കാണിക്കുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലെ 3.11 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2023 സെപ്തംബർ 30 വരെ മൊത്ത എൻപിഎ 5.44 ശതമാനമായി ഉയർന്നിട്ടുണ്ട്.
അതുപോലെ, പ്രസ്തുത കാലയളവിൽ അറ്റ എൻപിഎ 0.74 ശതമാനത്തിൽ നിന്ന് 3.30 ശതമാനമായി മൂന്നിരട്ടിയിലേറെ ഉയർന്നു.
ഉയർന്ന ലിവറേജ്
സാമ്പത്തിക വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, സെപ്റ്റംബർ 30 വരെ കെഎഫ്‌സിയുടെ ഡെറ്റ്-ഇക്വിറ്റി ലിവറേജ് വളരെ ഉയർന്നതാണ്. ഈ സർക്കാർ ഉടമസ്ഥതയിലുള്ള എൻബിഎഫ്‌സിയുടെ ഇക്വിറ്റി 982.63 കോടി രൂപയായിരുന്നപ്പോൾ, കടത്തിന്റെ അളവ് 2023 സെപ്റ്റംബർ 30 വരെ 6,701.54 കോടി രൂപയായി വളർന്നു; അതായത്, ഡെറ്റ്-ഇക്വിറ്റി അനുപാതം 6.82 മടങ്ങ് ഉയർന്നതാണ്.
2023 സെപ്തംബർ 30 ലെ കണക്കനുസരിച്ച് കോർപ്പറേഷന്റെ വായ്പാ പോർട്ട്ഫോളിയോ 6,931.20 കോടി രൂപയായിരുന്നു. ഇതിൽ 6,553.81 കോടി രൂപയുടെ സ്റ്റാൻഡേർഡ് അഡ്വാൻസുകളും 299.86 കോടി രൂപയുടെ നിലവാരമില്ലാത്ത അഡ്വാൻസുകളും 77.53 കോടി രൂപയുടെ സംശയാസ്പദമായ അഡ്വാൻസും ഉൾപ്പെടുന്നു.
കോർപ്പറേഷൻ മൊത്തം 1,686.24 കോടി രൂപ വിദേശ കറൻസി വായ്പയായി ലഭിച്ചതായി കെഎഫ്‌സി അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി) എന്നിവയിൽ നിന്ന് 183 ദിവസത്തിൽ കൂടാത്ത കാലയളവിലേക്ക് ഫുൾ ഹെഡ്ജ്ഡ് അടിസ്ഥാനത്തിളാണിവ ലഭിച്ചിട്ടുള്ളത്.