image

3 April 2023 12:57 PM GMT

Kerala

2022 സാമ്പത്തിക വർഷത്തിൽ 50 കോടി രൂപ ലാഭം നേടി ലിസി ഹോസ്പിറ്റൽ

C L Jose

2022 സാമ്പത്തിക വർഷത്തിൽ 50 കോടി രൂപ ലാഭം നേടി ലിസി ഹോസ്പിറ്റൽ
X

Summary

  • വരുമാന അടിത്തറ ശക്തമാക്കാൻ നൂതന പദ്ധതികൾ
  • അതിരൂപതയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
  • രണ്ട് വർഷം മുമ്പ് ലിസി പിവിഎസ് ആശുപത്രി സ്വന്തമാക്കി.


കൊച്ചി: ആതുരസേവന സേവനത്തിൽ ധാർമ്മിക സമീപനത്തിന് പേരുകേട്ട ലിസി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ്ന്റെ (എൽഎംഐ, അഥവാ ലിസി ഹോസ്പിറ്റൽ) 2022 സാമ്പത്തിക വർഷത്തിലെ അറ്റാദായം 44 ശതമാനം വർധിച്ച് 50.09 കോടി രൂപയായി. 2020-21ൽ (FY21) ലിസിയുടെ അറ്റാദായം 34.78 കോടി രൂപയായിരുന്നു.

എറണാകുളം ആസ്ഥാനമായുള്ള ഈ ആശുപത്രിയുടെ വരുമാനം കഴിഞ്ഞ ഒരു വർഷത്തിനിടെ 264.34 കോടി രൂപയിൽ നിന്ന് 309.50 കോടി രൂപയായി ഉയർന്നു; ഇത് 17 ശതമാനത്തിലേറെ വളർച്ചയാണ്.

രണ്ടു വര്ഷം മുൻപ് ഏറ്റെടുത്ത പി വി എസ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ സുസ്ഥിരമാകുകയും ക്യാൻസർ ചികിത്സ (oncology) പോലുള്ള പുതിയ വിഭാഗങ്ങളിൽ നിന്നുള്ള വരുമാനം വർധിക്കുകയും ചെയ്യുന്നതോടെ ലിസിയുടെ വരുമാനം ഈ വർഷത്തോടെ 420 കോടി രൂപയായി ഉയരുമെന്ന് വിശ്വസിക്കുന്നതായി പ്രശസ്ത റേറ്റിംഗ് ഏജൻസിയായ ക്രിസിൽ അഭിപ്രായപ്പെട്ടു.

1956-ൽ ആശുപത്രിയായി സ്ഥാപിതമായ ലിസി 1990-ൽ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി പുന:സ്ഥാപിച്ചു. നിലവിൽ സീറോ മലബാർ ഓറിയന്റൽ കാത്തലിക് ചർച്ചിന്റെ കീഴിലുള്ള അങ്കമാലി അതിരൂപതയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

2022 സാമ്പത്തിക വർഷം വരെയുള്ള കഴിഞ്ഞ 3 വർഷമായി ആശുപത്രി 90 ശതമാനത്തിലധികം ചികിത്സ നിരക്ക് (occupancy rate) കാഴ്ചവെക്കുന്നുണ്ട്. എന്നിരുന്നാലും, അടുത്തിടെ കൊച്ചിയുടെ ആരോഗ്യമേഖലയിൽ പ്രവർത്തനമാരംഭിച്ച ഒരു പുതിയ ആശുപത്രി ശൃംഖലയിൽ നിന്നുള്ള മത്സരം കഠിനമായിരിക്കുമെന്നു വിദഗ്ധർ ഭയപ്പെടുന്നു.

അടുത്തകാലത്ത് ക്രിസിൽ ലിസിയുടെ ദീർഘകാല ബാങ്ക് റേറ്റിംഗ്സ് വീക്ഷണം പരിഷ്കരിച്ചു 'സ്റ്റേബിളിൽ' നിന്ന് 'പോസിറ്റീവ്' ആക്കുകയും 'CRISIL A-' എന്ന റേറ്റിംഗ് വീണ്ടും സ്ഥിരീകരിക്കുകയും ചെയ്തു.

ആശുപത്രിയുടെ ബിസിനസ് റിസ്ക് പ്രൊഫൈൽ അടുത്ത കാലയളവിനുള്ളിൽ തുടർച്ചയായി മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് റേറ്റിങ് വീക്ഷണത്തിലെ പുനരവലോകനം പ്രതിഫലിപ്പിക്കുന്നത്. എൽഎംഐ-യുടെ മൊത്തം ബാങ്ക് വായ്പ 185 കോടി രൂപയാണ്.

രണ്ട് വർഷം മുമ്പാണ് ലിസി പ്രശസ്തമായ പിവിഎസ് ആശുപത്രി സ്വന്തമാക്കിയത്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പിവിഎസ് ഹോസ്പിറ്റലിനായി ലിസി ഗ്രൂപ്പ് ബൃഹത്തായ വളർച്ചാ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

പുതിയ ആശുപത്രി ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കാൻ ട്രസ്റ്റ് പദ്ധതിയിടുന്നു, കൂടാതെ, ഗണ്യമായ മൂലധനച്ചെലവിൽ ക്യാൻസർ വിഭാഗം ശക്തമാക്കാനും ലിസി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.