image

19 Jan 2024 5:15 AM GMT

Kerala

കേരളത്തിനായി ഗോളടിക്കാന്‍ മെസി എത്തുന്നു, 2025 ഒക്ടോബറിൽ

MyFin Desk

messi arrives to score for kerala, october 2025
X

Summary

  • കേരളവുമായി രണ്ട് സൗഹൃദ മത്സരം കളിക്കുന്നതിനാണ് പദ്ധതിയിടുന്നത്
  • ഖത്തര്‍ ലോകക്കപ്പില്‍ കേരളത്തില്‍ നിന്ന് അര്‍ജന്‍റീനയ്ക്ക് ലഭിച്ചത് വമ്പന്‍ പിന്തുണ
  • 5000 കളിക്കാരുടെ പരിശീലനവുമായും സഹകരിച്ചേക്കും


അർജന്‍റീന ദേശീയ ഫുട്ബോള്‍ ടീം 2025 ഒക്റ്റോബറില്‍ കേരളത്തില്‍ എത്താന്‍ സന്നദ്ധത അറിയച്ചതായി കായിക മന്ത്രി വി അബ്‍ദുറഹ്മാന്‍. സൂപ്പര്‍ താരം ലയണല്‍ മെസി ഉള്‍പ്പടെയുള്ളവര്‍ കേരളത്തിന്‍റെ ഫുട്ബോള്‍ വികസനത്തിനായി പന്തു തട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഖത്തര്‍ ലോകക്കപ്പില്‍ കേരളത്തില്‍ നിന്നു ലഭിച്ച വമ്പന്‍ പിന്തുണയാണ് അര്‍ജന്‍റീനയുടെ ദേശീയ ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്.

കേരളത്തിന്‍റെ പിന്തുണയ്ക്ക് ഔദ്യോഗികമായി തന്നെ സമൂഹമാധ്യമങ്ങളിലൂടെ അര്‍ജന്‍റീന ടീം നന്ദി അറിച്ചിരുന്നു. ഇതിനു പിന്നാലെ കേരളത്തിന്‍റെ ഫുട്ബോള്‍ ഉണര്‍വിനായി മെസിയെയും സംഘത്തേയും കേരളത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നലെ അർജെന്റിന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി വി അബ്‍ദുറഹ്മാന്‍ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയത്.

അർജൻ്റീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കുന്നതിനാണ് പദ്ധതിയിടുന്നത്. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ സംസ്ഥാന സര്‍ക്കാര്‍ പ്രയാസം അറിയിച്ചു. തുടർന്നാണ് 2025 ഒക്ടോബറിൽ എത്തുന്നതിനുള്ള സന്നദ്ധത അർജൻ്റീന ടീം അറിയിച്ചിട്ടുള്ളത്. കേരളത്തിന്‍റെ ഫുട്ബോള്‍ വികസനത്തിന് അര്‍ജന്‍റീനയുമായി കൂടുതല്‍ സഹകരിക്കുന്നതിനുള്ള സാധ്യതകളും സംസ്ഥാന സര്‍ക്കാര്‍ ആരായുന്നുണ്ട്.

കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് അർജൻ്റിന സന്നദ്ധത അറിയിച്ചു. കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താല്‍പ്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്.

ഏറെ ശ്രമകരമായ ഒന്നാകും അര്‍ജന്‍റീനയുമായുള്ള സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് നൽകാവുന്ന വലിയ സമ്മാനവും പ്രചോദനവുമാകും ഇതെന്ന് മന്ത്രി പറഞ്ഞു.

അർജന്റീന ദേശീയ ടീമിന്റെ ഇന്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ്, സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ്, കെ എഫ് എ സംസ്ഥാന പ്രസിഡന്റ്‌ നവാസ് മീരാൻ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.