image

19 Jan 2024 10:30 AM GMT

Kerala

രണ്ട് മാസത്തിൽ 35,000 യാത്രികർ; വമ്പൻ ഹിറ്റായി കുഴുപ്പിള്ളി ഫ്ലോട്ടിങ് ബ്രിഡ്ജ്

MyFin Desk

kuzhupilly floating bridge became a big hit
X

Summary

  • രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവേശന സമയം
  • ഒരാള്‍ക്ക് 120 രൂപയാണ് പ്രവേശന ഫീസ്
  • അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഇല്ല


എറണാകുളം ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജായ കുഴുപ്പിള്ളി ഫ്ലോട്ടിങ് ബ്രിഡ്ജ് വമ്പൻ വിജയത്തിലേക്ക്.

ജില്ലയ്ക്ക് അകത്തുനിന്നും പുറത്തു നിന്നുമായി ഇതു വരെ 35000 സഞ്ചാരികളാണ് ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറാൻ എത്തിയത്. 42 ലക്ഷം രൂപയാണ് വരുമാന ഇനത്തിൽ ലഭിച്ചത്. രണ്ടു മാസങ്ങൾക്ക് മുൻപ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ജനങ്ങൾക്കായി ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നു കൊടുത്തത്.

സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയത്. 100 മീറ്റര്‍ നീളവും 3 മീറ്റർ വീതിയുമുള്ള പാലം ഉന്നത നിലവാരത്തിലുള്ള പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

തിരമാലയുടെ ഓളത്തിനൊപ്പം നടക്കുവാന്‍ സാധിക്കും എന്നതാണ് ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ പ്രധാന ആകര്‍ഷണം. ഒരേസമയം 50 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ കഴിയുന്ന പാലത്തില്‍ ഒരാള്‍ക്ക് 120 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവേശന സമയം. ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയ പാലത്തില്‍, ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം.

അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡ്മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഒരു കോടി 30 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.