26 March 2024 7:20 AM GMT
Summary
- സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കഴിഞ്ഞ വ്യാഴാഴ്ച പീക്ക് ടൈമിൽ 5150 മെഗാവാട്ടിൽ എത്തി
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കഴിഞ്ഞ വ്യാഴാഴ്ച പീക്ക് ടൈമിൽ 5150 മെഗാവാട്ടിൽ എത്തി. ഇതോടെ ഇതുവരെയുള്ള പീക്ക് ടൈമിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വൈദ്യുത ചെലവ് കുറഞ്ഞ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി.
വാഷിങ് മെഷീന്‍ വാങ്ങുമ്പോഴും, ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ് കെഎസ്ഇബി.
കെഎസ്ഇബിയുടെ ഫേസ്ബുക് കുറിപ്പ്
പലതരം വാഷിങ് മെഷീനുകള്‍ കമ്പോളത്തില്‍ ലഭ്യമാണ്. മാനുവല്‍, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകള്‍ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികള്‍ വാരി ഇടണം. ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളില്‍ എല്ലാ പ്രവര്‍ത്തിയും ഒന്നിച്ചു ചെയ്യാം.
ഓട്ടോമാറ്റിക് മെഷീനുകള്‍ രണ്ടു തരത്തിലുണ്ട്.
1. മുകളില്‍ നിന്ന് നിറയ്ക്കുന്നത് (ടോപ് ലോഡിങ്) 2. മുന്നില്‍ നിന്ന് നിറയ്ക്കുന്നത് (ഫ്രണ്ട് ലോഡിങ്)
1. ടോപ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിങ് മെഷീനുകള്‍ക്ക് കുറച്ചുവെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളു.
2. വെളളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥക്ക് ആവശ്യമുളളതല്ല.
3. നിര്‍ദ്ദേശിച്ചിരിക്കുന്ന പൂര്‍ണ്ണ ശേഷിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെളളവും വൈദ്യുതിയും ലാഭിക്കാന്‍ സാധിക്കും.
4. അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികള്‍ക്ക് ക്വിക്ക് സൈക്കിള്‍ മോഡ് ഉപയോഗിക്കാം.
5. വാഷിങ് മെഷീന്‍ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓണ്‍ ചെയ്യുക.
6. ഉപയോഗം കഴിഞ്ഞാല്‍ വാഷിങ് മെഷിന്റെ സ്വിച്ച് ബോര്‍ഡിലെ സ്വിച്ചും ഓഫ് ചെയ്യുക.
7. കഴിയുന്നതും വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുക.