27 Feb 2024 8:27 AM GMT
Summary
- വിപണി വിലയുടെ പകുതി നിരക്കില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മരുന്നു നൽകും
- മരുന്ന് വില്‍പനയ്ക്ക് എത്തിക്കുന്ന പദ്ധതി അടുത്ത വര്‍ഷത്തോടെ നടപ്പാകും
- 15,000 കോടി രൂപയുടെ മരുന്നുകളാണ് പ്രതിവർഷം കേരളത്തിൽ വിറ്റഴിക്കപ്പെടുന്നത്
കേരളാ സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ.എസ്.ഡി.പി.) മെഡിക്കല്‍ ഷോപ്പുകളിലേക്ക് നേരിട്ട് മരുന്നുകള്‍ എത്തിക്കാനൊരുങ്ങുന്നു. കെഎസ്ഡിപി നിര്‍മിക്കുന്ന മരുന്നുകള്‍ സ്വന്തം ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കാനാണ് നീക്കം.
വിപണി വിലയുടെ പകുതി നിരക്കില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മരുന്നു നല്‍കാനാണ് ആലോചിക്കുന്നത്. നിലവില്‍ വിപണി വിലയുടെ 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കിയാണ് കെഎസ്ഡിപി മരുന്നുകള്‍ കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുന്നത്.
വിപണിയില്‍ 15,000 കോടി രൂപയുടെ മരുന്നുകളാണ് പ്രതിവർഷം കേരളത്തിൽ വിറ്റഴിക്കപ്പെടുന്നത്. ഇതിൽ 220 കോടി രൂപയുടെ മരുന്നുകള്‍ മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്.
കെഎസ്ഡിപി നിര്‍മിക്കുന്ന മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകളിലേക്ക് നേരിട്ട് എത്തിച്ചാല്‍, ഗുണനിലവാരമുള്ള മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം സ്ഥാപനത്തിന് അധിക വരുമാനം കണ്ടെത്താനും സഹായകരമാകും.
മെഡിക്കല്‍ ഷോപ്പുകളിലേക്ക് മരുന്ന് വില്‍പനയ്ക്ക് എത്തിക്കുന്ന പദ്ധതി അടുത്ത വര്‍ഷത്തോടെ നടപ്പാകും.
പാരാസെറ്റമോള്‍, ആംപിസിലിന്‍, അമോക്‌സിലിന്‍, ഡോക്‌സിസൈക്‌ളിന്‍ തുടങ്ങിയ മരുന്നുകളാണ് കെഎസ്ഡിപിയില്‍ മുഖ്യമായും ഉത്പാദിപ്പിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 100 കോടിയിലധികം രൂപയുടെ വിവിധയിനം മരുന്നുകള്‍ ഇതിനകം കെഎസ്ഡിപി ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇതില്‍ 60 ശതമാനവും സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലേക്കാണ് വിതരണം ചെയ്തത്.
കേരളത്തിന് പുറമെ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങള്‍ക്കും കെഎസ്ഡിപി മരുന്നുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സംഭരണ കേന്ദ്രവും കെഎസ്ഡിപി ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 92 മരുന്നുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടം എറണാകുളത്ത് ആരംഭിച്ചുകഴിഞ്ഞു.