image

5 Jan 2024 8:31 AM GMT

Kerala

കോഴിക്കോടിന്‍റെ ബിരിയാണി പെരുമ ആഗോള പട്ടികയില്‍ 5-ാം സ്ഥാനത്ത്

MyFin Desk

kozhikodes paragon at no.5 on the taste atlas legendary list
X

Summary

  • വിയന്നയിലെ ഫിഗിൽമുള്ളർ പട്ടികയില്‍ ഒന്നാമത്
  • ഇന്ത്യയില്‍ നിന്ന് ആദ്യ സ്ഥാനത്ത് പാരഗണ്‍
  • പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 6 റെസ്‍റ്റോറന്‍റുകള്‍


കോഴിക്കോട് പാരഗണിന്‍റെ ബിരിയാണി പെരുമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു സാക്ഷ്യം കൂടി. ക്രൊയേഷ്യ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‍ലസ് പുറത്തിറക്കിയ 'ലോകത്തിലെ ലെജന്‍ഡറി രുചികളുടെ പട്ടിക'യില്‍ അഞ്ചാം സ്ഥാനത്താണ് പാരഗണ്‍ ഇടം നേടിയത്. 100 റെസ്‍റ്റോറന്‍റുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് സ്ഥാപനങ്ങളാണ് ഇടം നേടിയത്. ഇതില്‍ ഏറ്റവും മുന്നിലെത്തിയത് പാരഗണ്‍ തന്നെ.

ഓരോ റെസ്‍റ്റോറന്‍റിനും പെരുമ നല്‍കിയ വിഭവത്തിന്‍റെ രുചി, തനിമ, പാരമ്പര്യം, റെസ്‍റ്റോറന്‍റിലെ അന്തരീക്ഷം എന്നിവ പരിഗണിച്ചാണ് അംഗീകാരം നല്‍കുന്നത്. 1939 ല്‍ പ്രവര്‍ത്തനം തുടങ്ങിയ പാരഗണ്‍ പരമ്പരാഗത മലബാര്‍ രുചി കാത്തുസൂക്ഷിക്കുന്നതായി ടേസ്‍റ്റ് അറ്റ്‍ലസ് വിലയിരുത്തുന്നു.


ആദ്യ പത്ത് സ്ഥാനങ്ങളില്‍ പാരഗണിന് പുറമേ മറ്റ് രണ്ട് ഇന്ത്യന്‍ റെസ്‍റ്റോറന്‍റുകള്‍ കൂടി ഇടം നേടിയിട്ടുണ്ട്. ലഖ്‌നൗവിലെ പ്രശസ്തമായ ടുണ്ടേ കബാബ് ആറാം സ്ഥാനത്തുണ്ട്. പേരു സൂചിപ്പിക്കും പോലെ ഗബൂട്ടി കബാബുകളാണ് ഇവിടത്തെ സവിശേഷ വിഭവം. കൊൽക്കത്തയിലെ പീറ്റർ ക്യാറ്റ് ആണ് പത്താം സ്ഥാനത്തുള്ളത്, ചെലോ കബാബാണ് ഇവിടത്തെ പ്രത്യേകത.

വിയന്നയിലെ ഫിഗിൽമുള്ളർ ആണ് ലോകത്തിലെ ഏറ്റവും പെരുമയുള്ള രുചിയിടമായി ടേസ്‍റ്റ് അറ്റ്ലസ് പട്ടിക അടയാളപ്പെടുത്തുന്നത്.