image

2 Oct 2024 7:24 AM GMT

Kerala

കോട്ടയം ലുലു മാൾ റെഡി ! ഉദ്ഘാടനം ഉടന്‍, 650 പേര്‍ക്ക് തൊഴിൽ ലഭിക്കും

MyFin Desk

lulu mall kottayam in november
X

കോട്ടയം ലുലു മാൾ നവംബർ അവസാനത്തോടെ പ്രവർത്തനം ആരംഭിച്ചേക്കും. ഇതിനു മുന്നോടിയായുള്ള, ഉൽപന്നങ്ങൾ ആദ്യമായി ഷെൽഫുകളിൽ എടുത്തുവെക്കുന്ന കർമം ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കോട്ടയത്തെത്തി നിർവഹിച്ചു. കോട്ടയം ലുലു മാൾ പ്രവ‍ർത്തനമാരംഭിക്കുന്നതോടെ കേരളത്തിലെ ലുലു മാളുകളുടെ എണ്ണം അഞ്ചായി ഉയരും. കേരളത്തിലെ ഏഴാമത്തെ ലുലു ഹൈപ്പ‍ർമാർക്കറ്റാണ് കോട്ടയത്തേത്. ഇതിന് പുറമേ, തിരൂർ, പെരിന്തൽമണ്ണ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി കൂടുതൽ പ്രൊജക്ടുകൾ ഉടൻ യാഥാർഥ്യമാകുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

എംസി റോഡിൽ നാട്ടകം മണിപ്പുഴ ജങ്ഷനിലാണ് ലുലു മാൾ പ്രവർത്തനം ആരംഭിക്കുന്നത്. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് മാള്‍ ഒരുങ്ങുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവ ഉൾപ്പെടെ 25ലധികം ബ്രാൻഡുകൾ കോട്ടയത്തെ മാളിലുണ്ടാകും. മാളിൻ്റെ താഴത്തെ നിലയിലാണ് ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുക. ലുലു ഫാഷനും ലുലു കണക്ടും മറ്റ് രാജ്യാന്തര ബ്രാൻഡുകളും രണ്ടാമത്തെ നിലയിലാണ്.

500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, 10 മൾട്ടി ക്യുസിൻ ഔട്ട്‌ലെറ്റുകൾ എന്നിവയും മാളിൽ ഉണ്ടാകും. 800 ചതുരശ്ര മീറ്റർ ഫാമിലി എൻ്റർടൈൻമെൻ്റ് സെൻ്റർ മാളിൻ്റെ പ്രത്യേകതയാണ്. ഏകദേശം 1000 വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന മൾട്ടിലെവൽ പാ‌‍ർക്കിങ് സൗകര്യമാണ് കോട്ടയം ലുലു മാളിൽ ഒരുക്കിയിരിക്കുന്നത്. മാളിൽനിന്ന് എംസി റോഡിലേക്ക് ഇറങ്ങാൻ പ്രത്യേക റാംപും ഒരുക്കിയിട്ടുണ്ട്. നിരവധി തൊഴിലവസരങ്ങളും മാള്‍ വരുന്നതോടെ സൃഷ്ടിക്കപ്പെടും. നേരിട്ട് 650 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് ലുലുഗ്രൂപ്പ് പറയുന്നത്. കോട്ടയം ജില്ലക്കാര്‍ക്കാകും ആദ്യ പരിഗണന.