image

14 Oct 2023 6:35 AM

Kerala

സോഫ്റ്റ് വെയര്‍ വികസനത്തില്‍ കൊച്ചിയെ രാജ്യത്തെ ഹബ്ബാക്കും; ഐബിഎം

Kochi Bureau

Kochi is the hub of the country in software development and IBM
X

Summary

  • 1500 ത്തോളം ജീവനക്കാരാണ് കൊച്ചി ലാബില്‍ ജോലി പ്രവര്‍ത്തിക്കുന്നുണ്ട്.


കൊച്ചിയിലെ ഐബിഎം സോഫ്റ്റ് വെയര്‍ ലാബിനെ രാജ്യത്തിന്റെ പ്രധാന കേന്ദ്രമാക്കുമെന്ന് ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മല്‍ പറഞ്ഞു. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷമാകുമ്പോഴാണ് കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഐബിഎം ഒരുങ്ങുന്നത്.

വ്യവസായ മന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവരുമായി ഐ ബി എം നടത്തിയ ചര്‍ച്ചയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസത്തെ ഇന്റേണ്‍ഷിപ്പിന് മുഴുവന്‍ സമയ പ്രതിഫലം നല്‍കാന്‍ ധാരണയായി. ഇതു വഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലയളവില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തന പരിചയം ലഭിക്കാന്‍ സൗകര്യമൊരുങ്ങും.

കൊച്ചിയിലെ ഐബിഎം ലാബ് രാജ്യത്തെ പ്രധാന കേന്ദ്രമാകുന്നതോടെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കുമെന്ന് പി രാജീവ് പറഞ്ഞു. ഐബിഎമ്മിന്റെ സോഫ്റ്റ് വെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കമ്പനികള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യതയുണ്ട്. ഇന്ന് ലോകത്തെ മുന്‍ നിര കമ്പനികളും ഉപയോഗിക്കുന്ന പല എഐ, ഡാറ്റാ സോഫ്റ്റ് വെയറുകളും കേരളത്തില്‍ വികസിപ്പിച്ചെടുത്തതാണെന്നും മന്ത്രി പറഞ്ഞു.

പ്രതിവര്‍ഷം കേരളത്തില്‍ നിന്ന് 200 മുതല്‍ 300 പേരെ ഐബിഎം റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമെ 300 വിദ്യാര്‍ത്ഥികളെ ഇന്റേണ്‍ഷിപ്പിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദിനേശ് നിര്‍മ്മല്‍ പറഞ്ഞു.

സംസ്ഥാനത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഐബിഎം ഇന്ത്യയിലെ അഞ്ചാമത്തെ സോഫ്റ്റ് വെയര്‍ ലാബ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ തുടങ്ങിയ ലാബ് ഒരു വര്‍ഷം കൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും പ്രധാന സോഫ്റ്റ് വെയര്‍ വികസന കേന്ദ്രമായി മാറി. നിലവില്‍ 1500 ല്‍പ്പരം ജീവനക്കാരാണ് കൊച്ചി ലാബില്‍ ജോലി ചെയ്യുന്നത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വലിയ ഓഫീസ് സമുച്ചയത്തിലേക്ക് ഐബിഎം മാറാനൊരുങ്ങുകയാണ്.