14 Feb 2024 6:27 AM GMT
Summary
- പരിശോധന നടന്നത് ഫെബ്രുവരി 12, 13 തീയതികളിൽ
- സര്‍വീസിനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ
- രണ്ടാംഘട്ടത്തിന്‍റെ നിര്‍മാണം ഉടന്‍ തുടങ്ങും
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ സ്‍റ്റേഷനിലെ സുരക്ഷാ പരിശോധന പൂര്‍ത്തിയായി. ഫെബ്രുവരി 12, 13 തീയതികളിൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍, സിസ്റ്റം, സിംഗ്നലിംഗ്, ട്രാക്ക് തുടങ്ങിയവയാണ് പരിശോധിച്ചത്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽവേ സുരക്ഷാ കമ്മീഷണർ അനന്ദ് എം ചൗധരിയാണ് പരിശോധനയ്ക്കായി എത്തിയിരുന്നത്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് മെട്രോ സർവ്വീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകിക്കൊണ്ടുള്ള ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ മറുപടി എത്രയും വേഗം ലഭിക്കുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.
ഇതിനിടെ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് മെട്രോയുടെ രണ്ടാംഘട്ടം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിൻ്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. നിലവിലെ റോഡുകളുടെ വീതികൂട്ടി ഗതാഗതസൗകര്യം കൂടുതൽ മെച്ചപ്പെടുത്തും. ഗതാഗത തടസം ഒഴുവാക്കുന്നതിന് ബസുകൾ, ആംബുലൻസുകൾ, ഓട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിന് മറ്റ് റോഡുകൾ സജ്ജീകരിക്കും.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നും കാക്കനാട്, ചിറ്റേത്തുകര വഴി ഇൻഫോപാർക്കിലേക്കുള്ള മെട്രോ സർവീസിൽ 11 സ്റ്റേഷനുകളാണ് ഒരുക്കുക. അതിൽ ഏഴ് സ്റ്റേഷനുകളുടെ നിർമ്മാണത്തിന് സ്ഥലമെടുപ്പ് പ്രക്രിയ പൂർത്തിയായിട്ടുണ്ട്.