10 Jan 2024 12:17 PM IST
Summary
- 10 മുതല്‍ 50 ശതമാനം വരെ ഡിസ്‍കൗണ്ടാണ് നല്‍കുന്നത്
- വാട്‍സാപ്പിലെ ടിക്കറ്റ് ഉപയോഗിച്ച് 40 മിനുറ്റിനുള്ളില്‍ യാത്ര ചെയ്യാം
- ഇന്നു മുതല്‍ വാട്‍സാപ്പിലൂടെ ടിക്കറ്റ് എടുക്കാനാകും
കൊച്ചി മെട്രോ യാത്ര ഇനി കൂടുതല്‍ അനായാസവും ആസ്വാദ്യകരവുമാക്കും. സ്‍റ്റേഷനിലെത്തി ടിക്കറ്റ് എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് പുതിയ ഡിജിറ്റല്‍ ടിക്കറ്റിംഗ് സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്. വാട്‍സാപ്പിലൂടെ ഏത് സ്‍റ്റേഷനില്‍ നിന്നും ഏത് സ്‍റ്റേഷനിലേക്കുമുള്ള ടിക്കറ്റ് ഒരു മിനുറ്റ് കൊണ്ട് എടുക്കാം. മാത്രമല്ല ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ കിഴിവും ടിക്കറ്റ് നിരക്കില്‍ ഉണ്ടാകും. നടി മിയ ജോര്‍ജ് ഇന്നലെ വാട്‍സാപ്പ് ടിക്കറ്റ് സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോ സിഇഒ ലോകനാഥ് ബെഹ്റ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
വാട്‍സാപ്പില്‍ എങ്ങനെ ടിക്കറ്റെടുക്കാം?
ടിക്കറ്റ് എടുക്കുന്നതിന് ആദ്യം 9188957488 എന്ന വാട്സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയയ്ക്കുക. അതിനു ശേഷം QR TICKET ഓപ്ഷന്‍ തെരഞ്ഞെടുക്കണം. പിന്നീട് BOOK TICKET ഓപ്ഷനിലേക്ക് പോകണം. എന്നിട്ട് യാത്ര ആരംഭിക്കുന്ന സ്‍റ്റേഷനു അവസാനിക്കുന്ന സ്റ്റേഷനും ലിസ്‍റ്റില്‍ നിന്ന് തെരഞ്ഞെടുക്കുക. ശേഷം യാത്രക്കാരുടെ എണ്ണം എത്രയാണെന്ന് രേഖപ്പെടുത്തി പണമിടപാട് നടത്തിയാല്‍ ടിക്കറ്റ് നിങ്ങളുടെ ഫോണിലേക്ക് എത്തും.
ഇത്തരത്തില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് 40 മിനുറ്റിനുള്ളിലാണ് യാത്ര ചെയ്യാനാകുക. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിനും ഇതേ നമ്പറിലേക്ക് ‘Hi’ എന്ന് അയച്ച ശേഷം ഉചിതമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇന്ന് മുതല്‍ വാട്‍സാപ്പ് ക്യൂര്‍ കോഡ് ടിക്കറ്റുകള്‍ ഉപയോഗിച്ച് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാനാകും.