3 Jan 2024 8:15 AM GMT
Summary
- വ്യവസായ, ഐടി വകുപ്പുകളും സര്‍വകലാശാലകളും ചേര്‍ന്നാണ് എഐ ഉച്ചകോടി നടത്തുന്നത്
- ഐ.ബി.എം കൊച്ചി ഹബ്ബ് വിപുലീകരണത്തിന് തയാറെടുക്കുന്നു
- കൊച്ചിയുടെ തയ്യാറെടുപ്പുകളും, സാധ്യതകളും ഉച്ചകോടിയില്‍ അവതരിപ്പിക്കും
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയില്‍ രാജ്യത്തെ പ്രധാന ഹബ്ബായി വളരാനൊരുങ്ങി കൊച്ചി. ഈ വര്‍ഷം മധ്യത്തോടെ കൊച്ചിയില്‍ അന്താരാഷ്ട്ര എഐ ഉച്ചകോടിക്ക് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വ്യവസായ, ഐടി വകുപ്പുകളുടെയും സര്‍വകലാശാലകളുടെയും സഹകരണത്തോടെയാണ് എ ഐ ഉച്ചകോടി സംഘടിപ്പിക്കുക
സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകള്‍, കെഎസ്എസ്‍യുഎം, ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല തുടങ്ങിയ പങ്കാളികളില്‍ നിന്നുള്ള സഹകരണവും എഐ ഉച്ചകോടയില്‍ ഉണ്ടാകും. രാജ്യത്തെ എഐ ഹബ്ബാകാനുള്ള കൊച്ചിയുടെ തയ്യാറെടുപ്പുകളും, സാധ്യതകളും ഈ ഉച്ചകോടിയില്‍ അവതരിപ്പിക്കും.
നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയില്‍ രാജ്യത്തെ പ്രധാന ഹബ് ആയി കൊച്ചിയെ കണ്ടു കൊണ്ടുള്ള നീക്കങ്ങൾ പ്രമുഖ കമ്പനിയായ ഐബിഎം ഇതിനകം ആരംഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറയുന്നു. ഐബിഎം സീനിയര്‍ വൈസ്പ്രസിഡന്‍റ് ദിനേശ് നിര്‍മ്മലുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച ഈ ദിശയിലെ ഒരു പ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.
എ ഐ ഹബ്ബായി കൊച്ചി മാറുന്നതോടെ ആഗോളതലത്തിലെ മികച്ച പ്രൊഫഷണലുകള്‍ കൊച്ചിയിലേക്കെത്തും. സംസ്ഥാനത്തിലെ പുതിയ ഐടി തലമുറയ്ക്കും ഇത് ഏറെ ഗുണകരമാകും. ഐബിഎം കേരളത്തിലെ ജീവനക്കാരുടെ എണ്ണം നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കുന്നതിനാണ് തയാറെടുക്കുന്നത്. ഐ ബി എമ്മിന്‍റെ എ ഐ കേന്ദ്രം കൊച്ചിയിലേക്ക് മാറുന്നതോടെ മറ്റ് ആഗോള ഐടി കമ്പനികളും സമാനമായ രീതിയില്‍ ചിന്തിക്കാൻ തുടങ്ങുമെന്നും രാജീവ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്‍ഫോപാര്‍ക്കിന്‍റെ രണ്ടാം ഘട്ടവും സ്മാര്‍ട്ട് സിറ്റിയുമെല്ലാം കേരളത്തിലേക്ക് വരുന്ന ആഗോള ഐടി കമ്പനികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യാനുള്ള സംസ്ഥാനത്തിന്‍റെ ശേഷിയെ ഉയര്‍ത്തും. ജനറിക് എ ഐ എന്നതിനപ്പുറം ജനറേറ്റീവ് എഐ എന്ന ആശയമാണ് ഐ.ബി.എം കൊച്ചി ഹബ്ബ് മുന്നോട്ടു വയ്ക്കുന്നത്. ബോയിംഗ് വിമാനക്കമ്പനി പോലുള്ള ആഗോള ഭീമന്മാര്‍ ഐബിഎമ്മിന്‍റെ എഐ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ബോയിംഗ് പ്രതിനിധി ഉള്‍പ്പടെയുള്ളവരെ എഐ ഉച്ചകോടിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.