9 Nov 2023 6:48 AM
Summary
- കേരളീയം പരിപാടിയിൽ ഏഴ് ദിവസം കൊണ്ട് കുടുംബശ്രീ നേടിയ വരുമാനം 1.37 കോടി രൂപ.
- ഫുഡ്‌കോർട്ടിലൂടെ മാത്രം നേടിയത് 87.98 ലക്ഷം രൂപ
തിരുവനന്തപുരത്ത് നടന്ന കേരളീയം 2023 പരിപാടിയിൽ രുചിയുടെയും വിഭവങ്ങളുടെയും വൈവിധ്യം കൊണ്ട് മാത്രമല്ല വരുമാനത്തിലും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് കുടുംബശ്രീ.
കേരളീയം പരുപാടിയിൽ ഏഴ് ദിവസം കൊണ്ട് കുടുംബശ്രീ നേടിയ വരുമാനം 1,36,69,911 രൂപയാണ്. വനസുന്ദരി അടക്കിവാണ ഫുഡ്‌കോർട്ടിലൂടെ മാത്രം നേടിയ വരുമാനം 87.98 ലക്ഷം രൂപയാണ്. ഇതിൽ വനസുന്ദരി വിഭവങ്ങളുടെ വിൽപ്പന 15.63 ലക്ഷമാണ്. കൂടാതെ കുടുംബശ്രീയുടെ ഉത്പന്ന പ്രദർശന വിപണന മേളയിൽ 48.71 ലക്ഷം രൂപയും വരുമാനം ലഭിച്ചു. മന്ത്രി എം ബി രാജേഷ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
മലയാളി അടുക്കള എന്ന് പേരിട്ട ഫുഡ്കോർട്ടിൽ കേരളീയത്തിന്റെ അവസാന ദിവസമായ നവംബര്‍ ഏഴിന് മാത്രം ലഭിച്ച വരുമാനം 18.56 ലക്ഷം രൂപയാണ്. കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിന്നാല് കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളാണ് ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തത്. കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂര്‍വ അവസരം ഉപയോഗപ്പെടുത്താൻ പതിനായിരക്കണക്കിന് ജനങ്ങളാണ് എത്തിയത്.
ഉൽപ്പന്ന പ്രദർശന വിൽപ്പനശാലയിൽ 14 ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത 49 കുടുംബശ്രീ സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിച്ച ഫുഡ്കോര്‍ട്ടിലും വിപണന സ്റ്റാളിലും പൂര്‍ണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്ക്കരണം നടപ്പാക്കാന്‍ കഴിഞ്ഞതും എടുത്തുപറയേണ്ട മറ്റൊരു നേട്ടമാണെന്നും മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.