image

31 Dec 2023 7:30 AM GMT

Kerala

സ്‍കൂള്‍ കലോത്സവവും ഹൈടെക്കാക്കി കേരളം; 'കൈറ്റ് ഉത്സവം' ആപ്പ് പുറത്തിറങ്ങി

MyFin Desk

kerala makes school arts festival high-tech, kite utsavam app released
X

Summary

  • ജനുവരി 4 മുതൽ 8 വരെ കൊല്ലത്താണ് കലോത്സവം
  • രജിസ്ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ഓണ്‍ലൈനില്‍
  • ‘KITE Ulsavam’ ആപ് ഡൗൺലോഡ് ചെയ്യാം


ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം സജ്ജമാക്കി. ഇതിനായുള്ള ‘ഉൽസവം’ മൊബൈൽ ആപ്പ് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, എം. നൗഷാദ് എം.എൽ.എ., പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

ജനുവരി 4 മുതൽ 8 വരെ കൊല്ലത്താണ് കലോത്സവം നടക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘KITE Ulsavam’ ആപ് ഡൗൺലോഡ് ചെയ്യാം. മത്സരഫലങ്ങൾക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങളും അവ തീരുന്ന സമയവും ഉൾപ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും പോർട്ടലിലുണ്ട്.

www.ulsavam.kite.kerala.gov.in വഴി രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും വരെ ഓൺലൈൻ ആക്കിയിട്ടുണ്ട്. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുള്ള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ ഇനങ്ങൾ, യഥാസമയം മത്സരം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയാറാക്കൽ, ലോവർ- ഹയർ അപ്പീൽ നടപടിക്രമങ്ങൾ തുടങ്ങിയവ പോർട്ടൽ വഴിയായിരിക്കും.

സർട്ടിഫിക്കറ്റുകളുടെ അധികാരികത ക്യൂ.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡി.ജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്.

കലോൽസവത്തിലെ വിവിധ രചനാ മത്സരങ്ങളിലെ (കഥ, കവിത, ചിത്രരചന, കാർട്ടൂൺ, പെയിന്റിങ്ങ് തുടങ്ങിയവ) സൃഷ്ടികള്‍ ഫല പ്രഖ്യാപനത്തിനുശേഷം സ്കൂൾ വിക്കിയിൽ (www.schoolwiki.in) അപലോഡ് ചെയ്യും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെ മത്സര ഇനങ്ങളും സ്കൂൾ വിക്കിയിൽ ലഭിക്കും.

മത്സര ഫലങ്ങൾക്കൊപ്പം വിവിധ വേദികളിൽ നടക്കുന്ന ഇനങ്ങൾ കൈറ്റ് വിക്ടേഴ്സിൽ തത്സമയം നൽകും. www.victers.kite.gov.in വഴിയും KITE VICTERS മൊബൈൽ ആപ് വഴിയും കാണാം. രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിലും പ്രത്യേകം ലൈവുണ്ട്.