2 Aug 2023 7:57 AM GMT
Summary
- ബാറ്ററി വികസിപ്പിച്ചത് കെ -ഡിസ്‍ക് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം
- സുരക്ഷിതവും വേഗമേറിയതുമായ ചാര്‍ജിംഗ്
- ഇ- മൊബിലിറ്റിയില്‍ കേരളത്തിന് മുന്നില്‍ വലിയ സാധ്യതകള്‍
വ്യാവസായിക കേരളത്തിന് അഭിമാനം കൊള്ളാവുന്ന ഒരു നേട്ടം കൂടി ഇന്ന് അവതരിപ്പിക്കപ്പെടുകയാണ്. വിക്രം സാരാഭായ് സ്‌പേസ് സെന്ററും (വിഎസ്‌എസ്‌സി) സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌റ്റ്സും (ടിടിപിഎൽ) ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ലിഥിയം ടൈറ്റാനേറ്റ് (എൽടിഒ) പ്രോട്ടോടൈപ്പ് ബാറ്ററി ഇന്ന് അനാവരണം ചെയ്യപ്പെടുകയാണ്. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഇ-മൊബിലിറ്റി വേഗം കൂട്ടുന്നതിനുള്ള ശരിയായ പാതയൊരുക്കലാണ് പുതിയ ഈ എല്‍ടിഒ ബാറ്ററി നിര്‍വഹിക്കുന്നത്.
കേരളത്തിന്‍റെ എല്‍ടിഒ ബാറ്ററി സ്പെഷ്യലാണ്
ഇ-മൊബിലിറ്റി മേഖലയിൽ എൽടിഒ ബാറ്ററികൾ ഇപ്പോൾ ഉപയോഗത്തിലുണ്ട്. എന്നാല്‍ കേരളത്തിൽ ലഭ്യമായ അസംസ്‌കൃത വസ്തുക്കളും സാങ്കേതിക വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുന്നു എന്നതാണ് പുതുതായി വികസിപ്പിച്ചെടുത്ത ബാറ്ററിയുടെ സവിശേഷത. കൂടാതെ ഈ ബാറ്ററി അതിവേഗം ചാർജ് ചെയ്യാം. അതുപോലെ കൂടുതൽ സുരക്ഷിതമാണ്. ഇ - മൊബിലിറ്റിയെ സഹായിക്കുന്ന അതിപ്രധാനമായ രണ്ടു ഘടകങ്ങളാണിത്. കൺസോർഷ്യത്തിലെ അംഗമെന്ന നിലയിൽ, തിരുവനന്തപുരം ആസ്ഥാനമായുള്ള ടിടിപിഎൽ, ലിഥിയം ടൈറ്റനേറ്റ് എന്ന അസംസ്കൃത വസ്തുവിന്‍റെ ദാതാക്കൾ . ലിഥിയം ടൈറ്റനേറ്റ് ബാറ്ററികൾ വേഗത്തിൽ റീചാർജ് ചെയ്യുന്നതിനുള്ള ഒരു പുതിയ തലമുറ ആനോഡ് ഘടകമാണ് ഇത്. വേഗത്തില്‍ സുരക്ഷിതമായ ചാര്‍ജിംഗ് എന്നതാണ് ഇ-മൊബിലിറ്റി വളര്‍ച്ചയെ മുന്നോട്ടുനയിക്കുന്നതിലെ പ്രധാന ഘടകം.
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ അഥവാ കെ-ഡിസ്‌ക് സ്ഥാപിച്ച ഇലക്‌ട്രിക് വെഹിക്കിൾസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് കൺസോർഷ്യത്തിന് കീഴിലാണ് ഈ ബാറ്ററി വികസിപ്പിച്ചെടുത്തിട്ടുള്ളത്. നിലവിൽ ഉപയോഗിക്കുന്ന ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതല്‍ പരിസ്ഥിതി സൗഹൃദപരമായ ഒരു ഓപ്ഷനാണ് ഈ എല്‍ടിഒ ബാറ്ററികള്‍. ‘‘ഇ-മൊബിലിറ്റിക്കായി കാര്യക്ഷമമായ ബാറ്ററികൾ വികസിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കളും പ്രാദേശികമായി ലഭ്യമായ വൈദഗ്ധ്യവും കേരളത്തിനുണ്ട്,’’ കെ-ഡിസ്‍കിന്‍റെ ഇലക്ട്രിക് വെഹിക്കിൾ പ്രോജക്ട് കൺസൾട്ടന്റായ അശോക് കുമാർ എ പറയുന്നു.
അണിനിരന്നത് ആരെല്ലാം
2021 നവംബറിൽ ഔദ്യോഗികമായി നിലവിൽ വന്ന ഇ-വി കൺസോർഷ്യത്തില്‍ കെ-ഡിസ്‍ക്, വിഎസ്എസ്‍സി, ടിടിപിഎല്‍, തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്), തിരുവനന്തപുരം എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്ക് എന്നിവ പങ്കാളികളാണ്. ബാറ്ററിക്കു വേണ്ടിയുള്ള പവർ ഇലക്ട്രോണിക് സിസ്റ്റങ്ങളുടെ വികസനം സി-ഡാക് നിര്‍വഹിക്കുന്നു. അതേസമയം, റിസർച്ച് പാർക്ക് ഇ-വി ആപ്ലിക്കേഷനുകൾക്കായുള്ള മോട്ടോറുകളുടെയും കൺട്രോളറുകളുടെയും രൂപകൽപ്പനയും വികസനവും കൈകാര്യം ചെയ്യുന്നു.
സംസ്ഥാനത്ത് ഇ-വാഹനങ്ങളിലേക്കുള്ള മാറ്റത്തെ പരിപോഷിപ്പിക്കുന്നതിന് ഇവി ഘടകങ്ങളുടെയും സബ്‍ സിസ്റ്റങ്ങളുടെയും തദ്ദേശീയ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൺസോർഷ്യം രൂപീകരിച്ചത്. സെക്രട്ടേറിയേറ്റില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന വ്യവസായ മന്ത്രി പി രാജീവാണ് പുതിയ എല്‍ടിഒ ബാറ്ററി അനാവരണം ചെയ്യുന്നത്.