Summary
- 2022-23 ലെ വായ്പകൾ നാലിലൊന്ന് കുറഞ്ഞ് 34,000 കോടി രൂപയാകും
- പെൻഷൻ തുടർചായായി നടക്കേണ്ട ഒരു കാര്യമാണ്, ഭാവിയിലും പെൻഷൻ വിതരണത്തെ മാനിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയുടെ പിൻബലത്തോടെ കെഎസ്എസ്പിഎൽ തീർച്ചയായും കടം ഉയർത്തേണ്ടിവരും: സിൻഹ
- 2022 ഒക്‌ടോബർ 31 ലെ കണക്കനുസരിച്ച് കേരളത്തിന്റെ കടമെടുപ്പും മറ്റ് ബാധ്യതകളും കൂടി മൊത്തം 18,705.45 കോടി രൂപയായെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു
തിരുവനന്തപുരം: ആവർത്തിച്ചുള്ള 'റിപ്പോർട്ടുകളും കിംവദന്തികളും' പൊളിച്ചെഴുതിക്കൊണ്ട്, പിണറായി സർക്കാർ നിലവിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി (liquidity) നേരിടുന്നില്ലെന്ന് സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) ബിശ്വനാഥ് സിൻഹ പറഞ്ഞു.
മൂന്നാഴ്ച മുമ്പ് തിരുവനന്തപുരത്തെ തന്റെ ഓഫീസിൽ വച്ച് മൈഫിന് പോയിന്റ് -നോട് സംസാരിച്ച ബിശ്വനാഥ് സിൻഹ, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിപാടി വെട്ടിക്കുറയ്ക്കാൻ കേന്ദ്രം സർക്കാരിൽ സമ്മർദം ചെലുത്തിയെന്ന് ഒരു വിഭാഗം പത്രങ്ങൾ വ്യാപകമായി ചെയ്ത വാർത്ത നിഷേധിച്ചു.
മാത്രമല്ല, 2022-23 സാമ്പത്തിക വർഷത്തിൽ (FY 23) സമാഹരിക്കേണ്ട മൊത്തം കടം നാലിലൊന്നു കുറയ്ക്കാൻ സംസ്ഥാനം സ്വയം തീരുമാനിച്ചതായി സിൻഹ പറഞ്ഞു; അതായതു ബജറ്റ് ചെയ്ത കടം 44,994 കോടി രൂപയായിരുന്നത് 34,000 കോടി രൂപയാവും.
"ഞങ്ങൾക്ക് ഇപ്പോൾ പണലഭ്യത (liquidity) പ്രശ്‌നങ്ങളൊന്നുമില്ല; എന്തിന് ആവശ്യത്തിലധികം കടം വാങ്ങണം. സംസ്ഥാനത്തെ ഒരു അടിസ്ഥാന സൗകര്യ പദ്ധതികൾക്കും പണലഭ്യതയ്ക്ക് ക്ഷാമമില്ല," സിൻഹ കൂടുതൽ വിശദീകരിച്ചു.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡും (കിഫ്ബി) കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും (കെഎസ്‌എസ്‌പിഎൽ) സർക്കാർ ഗ്യാരന്റീഡ് വായ്‌പയെടുത്തതിനെ തുടർന്ന് സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഉരസലുകൾ ഉണ്ടായിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായി സിൻഹ പറഞ്ഞു, "ആവശ്യമെങ്കിൽ, ഭാവിയിലും അത്തരം കടമെടുപ്പുകൾക്ക് സർക്കാർ ഉറപ്പുനൽകും."
സംസ്ഥാനത്തെ 50 ലക്ഷത്തിലധികം വരുന്ന അധ:സ്ഥിതർക്ക് കെഎസ്എസ്പിഎൽ മുഖേന സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ സംസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"പെൻഷൻ തുടർചായായി നടക്കേണ്ട ഒരു കാര്യമാണ്, ഭാവിയിലും പെൻഷൻ വിതരണത്തെ മാനിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയുടെ പിൻബലത്തോടെ കെഎസ്എസ്പിഎൽ തീർച്ചയായും കടം ഉയർത്തേണ്ടിവരും, ഭാവിയിലും കെഎസ്എസ്പിഎൽ-ൽ നിന്നുള്ള അത്തരം അഭ്യർത്ഥനകളോട് സർക്കാർ മുഖം തിരിക്കുകയില്ല.
സംസ്ഥാനത്തിന്റെ ധനകാര്യത്തെക്കുറിച്ചുള്ള സിൻഹയുടെ വീക്ഷണം ഏതു രീതിയിലായാലും, സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ, കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ കേന്ദ്രം കൈക്കൊള്ളുന്ന കടുത്ത നിലപാടിനെക്കുറിച്ച് ആവർത്തിച്ച് വേദന പ്രകടിപ്പിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, കുറച്ചുകാലമായി സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കഠിനമാണെന്ന് ബാലഗോപാൽ നിരവധി അവസരങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കാനുള്ള നീക്കം ഉൾപ്പെടെയുള്ള കേന്ദ്രത്തിന്റെ ഏറ്റവും പുതിയ തീരുമാനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ കൂടുതൽ വഷളാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കിഫ്‌ബി, കെഎസ്എസ്പിഎൽ എന്നിവയിൽ നിന്ന് വായ്പയെടുത്തത് അടുത്ത നാല് വർഷത്തേക്ക് സംസ്ഥാനത്തിന്റെ കടമെടുപ്പിൽ ക്രമീകരിക്കേണ്ടതുണ്ടെന്ന കേന്ദ്രത്തിന്റെ ഉറച്ച നിലപാട്, സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഗുരുതരമായ ഒരു ചോദ്യചിഹ്നം ഉയർത്തിയതായി പൊതു ധനകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി ജിഡിപിയുടെ നിലവിലെ മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തണമെന്ന് കേരളം ഏറെ നാളായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്.
സർക്കാരിന്റെ ബാധ്യതകളുടെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ സംസ്ഥാന വികസന വായ്പകൾ (എസ്ഡിഎൽ) അല്ലെങ്കിൽ ഓപ്പൺ മാർക്കറ്റിലെ ബോണ്ടുകൾ വഴിയാണ് സമാഹരിക്കുന്നത്.
2022 ഒക്‌ടോബർ 31 ലെ കണക്കനുസരിച്ച് കേരളത്തിന്റെ കടമെടുപ്പും മറ്റ് ബാധ്യതകളും കൂടി മൊത്തം 18,705.45 കോടി രൂപയായെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) യുടെ കണക്കുകൾ വ്യക്തമാക്കുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സംസ്ഥാനം കടമെടുത്തത് 40,187.55 കോടി രൂപയായിരുന്നു; അതായത് 2021-22 ബജറ്റിൽ വകയിരുത്തിയതിന്റെ 117.40 ശതമാനം.
2022 ഒക്‌ടോബർ അവസാനത്തെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം 71,351.33 കോടി രൂപയായിരുന്നു, ഇത് ഈ സാമ്പത്തിക വർഷത്തേക്കുള്ള (FY23) ബജറ്റിന്റെ 56 ശതമാനത്തിനടുത്തു വരും. അതിൽ കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റ്-ഇൻ-എയ്ഡും സംഭാവനകളും 17,203.47 കോടി രൂപയായിരുന്നു.