Summary
- സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആർ ബി ഐയുടെ ഔദ്യോഗിക കണക്കുകൾ
- ഇതിൽ 60.3 ശതമാനം എസ്‌ഡിഎല്ലുകളാൽ നിർമ്മിതം
- ബാധ്യത മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജ്യത്തെ ഏറ്റവും ഉയർന്നത്
തിരുവനന്തപുരം: കേരളത്തിന്റെ ബോണ്ട് ബാധ്യതകളുടെ 50 ശതമാനത്തോളം അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്നവയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) വെളിപ്പെടുത്തൽ.
സംസ്ഥാനങ്ങളെക്കുറിച്ചുള്ള ബാങ്കിന്റെ ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആർബിഐ കണക്കുകൾ പ്രകാരം, സംസ്ഥാന വികസന വായ്പകൾ (എസ്‌ഡിഎൽ) അല്ലെങ്കിൽ ബോണ്ടുകൾ വഴി സമാഹരിച്ച കടത്തിന്റെ ഏകദേശം 8 ശതമാനത്തോളം 2023 മാർച്ച് മുതൽ ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമെങ്കിലും, ഈ ബോണ്ട് ബാധ്യതകളുടെ 41 ശതമാനത്തോളം അടുത്ത നാല് വർഷത്തിനുള്ളിൽ അടച്ചുതീർക്കേണ്ടതുണ്ട്.
കേരളത്തിന്റെ കുടിശ്ശികയുള്ള ബാധ്യതകളിൽ, 60.3 ശതമാനം എസ്‌ഡിഎല്ലുകളാൽ നിർമ്മിതമാണെങ്കിലും, രണ്ടാമത്തേത് പ്രൊവിഡന്റ് ഫണ്ടിൽ നിന്നുള്ള (പിഎഫ്) വായ്പയും തുടർന്ന് കേന്ദ്രസർക്കാരിൽ നിന്നുള്ള 5.4 ശതമാനം വരുന്ന വായ്പയുമാണെന്ന് സെൻട്രൽ ബാങ്ക് പ്രസിദ്ധീകരിച്ച ബ്രേക്ക്-അപ്പ് വിശദാംശങ്ങൾ പറയുന്നു.
മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം അല്ലെങ്കിൽ ജിഎസ്ഡിപി (GSDP) യുടെ കാര്യത്തിൽ, കേരളത്തിന്റെ കുടിശ്ശിക ബാധ്യത മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജ്യത്തെ ഏറ്റവും ഉയർന്ന ബാധ്യതകളിലൊന്നാണ്. 2023-24 വരെയുള്ള കണക്കുകൾ പ്രകാരം (ബജറ്റ് എസ്റ്റിമേറ്റ്) സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതകൾ 4,29,270.6 കോടി രൂപയായി വർധിച്ചിട്ടുണ്ട്.
അഞ്ച് വർഷം മുമ്പ് സംസ്ഥാനത്തിന് ഉണ്ടായിരുന്ന 2,43,745.7 കോടി രൂപ കുടിശ്ശിക ബാധ്യതയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 76 ശതമാനം ഉയർച്ചയെ പ്രതിനിധീകരിക്കുന്നു, പത്ത് വർഷം മുമ്പ് സംസ്ഥാനത്തിനുണ്ടായിരുന്ന 1,25,678 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർധന 242 ശതമാനമാണ്.
.
കടം-ജിഡിപി അനുപാതം
2023-24 ബജറ്റ് കണക്കാക്കിയതുപോലെ ജിഎസ്ഡിപിയുടെ കാര്യത്തിൽ കേരളത്തിന്റെ ബാധ്യതകൾ 36.5 ശതമാനമായി ഉയർന്നു. 2003ലെ ഫിസ്‌ക്കൽ റെസ്‌പോൺസിബിലിറ്റി ആൻഡ് ബഡ്ജറ്റ് മാനേജ്‌മെന്റ് (എഫ്‌ആർബിഎം; FRBM) ആക്‌ട് പ്രകാരം നിശ്ചയിച്ചിട്ടുള്ള പരിധിയെക്കാൾ 29 ശതമാനത്തിന് മുകളിലാണിത്.
"കേരളത്തിന്റെ കടം-ജിഎസ്ഡിപി അനുപാതം 2017 മുതൽ എല്ലായ്‌പ്പോഴും 29 ശതമാനത്തിന് മുകളിലായിരുന്നു, 2020-21 (FY21) ന് ശേഷം അത് എല്ലായ്പ്പോഴും 34 ശതമാനത്തിന് മുകളിലായിരുന്നു," കേരള സമ്പദ് വ്യവസ്ഥയെക്കുറിച്ച് നന്നായി പഠിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധയായ പ്രൊഫ. മേരി ജോർജ് പറഞ്ഞു..
സംസ്ഥാനങ്ങളുടെ സംയോജിത കടം-ജിഡിപി അനുപാതം 2021 മാർച്ച് അവസാനത്തോടെ 31 ശതമാനത്തിലെത്തിയെങ്കിലും സാമ്പത്തിക ഏകീകരണത്തിന്റെ പിന്തുണയോടെ 2023 മാർച്ച് അവസാനത്തോടെ അത് 27.5 ശതമാനമായി കുറഞ്ഞു.
വേർതിരിച്ചു നോക്കിയാൽ, 2024 മാർച്ച് അവസാനത്തോടെ (ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം) 25 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ (Union Territories) കടം-ജിഡിപി അനുപാതം 25 ശതമാനം കവിഞ്ഞേക്കാം.